സർക്കാർ വാദം തള്ളാന്‍ ദിലീപ്: ഒന്നും എവിടേയും പോയിട്ടില്ല, എല്ലാം സുരക്ഷിതമായി കയ്യിലുണ്ട്
കൊച്ചി: മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ ദിലീപും സംഘവും നശിപ്പിച്ചെന്ന് റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമർപ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർശക്കതിരായ വധഗൂഢാലോചന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസിന്റെ നടപടി. മൊബൈല്‍ ഫോണ്‍ ഫോർമാറ്റ് ചെയ്ത് രേഖകള്‍ നശിപ്പിച്ചതിന് ശേഷമാണ് ഹൈക്കോടതിക്ക് കൈമാറിയത്.
ഫോറന്‍സിക് പരിശോധനകളില്‍ ഇക്കാര്യം വ്യക്തമാണെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്താണ് സർക്കാർ നിലപാടറിയിച്ചത്. എന്നാല്‍ തെളിവ് നശിപ്പിച്ചെന്ന സർക്കാർ വാദത്തെ ദിലീപ് പൂർണ്ണമായി തള്ളുകയാണ്.

ഫോണുകളില്‍ നിന്നും കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചേക്കുമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം തനിക്കുണ്ട്. ഫോണുകളില്‍ അത്തരം വിവരങ്ങളുണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിക്കുന്നതിന് വേണ്ട തെളിവുകള്‍ തിരിച്ചെടുക്കേണ്ടതുണ്ടായിരുന്നുവെന്നും ദിലീപ് അറിയിച്ചേക്കും.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത തന്റെ ഫോണുകളില്‍ പൊലീസ് കൃത്രിമത്വം നടത്തിയെന്ന് ബോധ്യമുണ്ട്. അത് കണ്ടുപിടിക്കാന്‍ കൂടിയാണ് ഫോണ്‍ പരിശോധിച്ചത്. ഫോണില്‍ നിന്നും നീക്കം ചെയ്ത എല്ലാ വിവരങ്ങളും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഒന്നും നശിപ്പിക്കുകയോ ചെയ്തിട്ടില്ല. കുടുംബ സംബന്ധമായ സ്വകാര്യ വിവരങ്ങള്‍ ഫോണിലുണ്ടോയെന്ന് അറിയാനും പരിശോധന ആവശ്യമായിരുന്നു.

അഞ്ച് വർഷമായി ഉപയോഗിക്കുന്ന ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഫോണിലെ എന്തെങ്കിലും വിവരങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെടുക്കാന്‍ പൊലീസിന് സാധിക്കുമെന്ന് അറിയാം. അതിനാല്‍ ഫോണിലെ ഒരു വിവരവും നശിപ്പിക്കാന്‍ താന്‍ തയ്യാറായിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിന് മറുപടിയായി ദിലീപ് കോടതിയ അറിയിക്കും.

ദിലീപ് ഉപയോഗിച്ച് മൂന്ന് ഫോണിലേത് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫോറന്‍സിക് പരിശോധന ഫലം നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സഹോദരന്‍ അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ് ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

എന്നാല്‍ ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ലഭിച്ചില്ലെന്ന നിലപാടായിരുന്നു അന്വേഷണ സംഘവും പ്രോസിക്യൂഷനും അന്ന് സ്വീകരിച്ചിരുന്നത്. ദിലീപ് 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വാദം. ഐ ഫോൺ-10 ആണ് അന്വേഷണ സംഘം തേടുന്നത്.
ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്, വിവോ ഫോൺ തുടങ്ങിയവയാണ് ദിലീപിന്റേതായി നിലവില്‍ ഹാജരാക്കിയിരിക്കുന്ന ഫോണുകള്‍.

ഐ ഫോൺ-10 ദിലീപ് ഉപയോഗിച്ച കാലയളവ് അടക്കം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു ദിലീപ് സ്വീകരിച്ചത്. ദിലീപിന് പുറമെ, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന കേസിലെ പ്രതികള്‍.












Click it and Unblock the Notifications