അതിജീവിതയ്ക്ക് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ മറുപടി; 'ഒന്നും ചെയ്തിട്ടില്ല'..ഇനി തെളിവ് വേണം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളി മുതിർന്ന അഭിഭാഷകനായ അഡ്വ ബി രാമൻപിള്ള. തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ കൂട്ടുനിന്നുവെന്ന് കാണിച്ച് അതിജീവിത ബാർ കൗൺസിലിന് നൽകിയ പരാതിക്കുള്ള മറുപടിയിലാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രാമൻപിള്ള നിഷേധിച്ചത്. കേസിൽ താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് രാമൻപിള്ളയുടെ വാദം. രാമന്‍പിള്ളയുടെ മറുപടി ബാര്‍ കൗണ്‍സില്‍ അതിജീവിതയ്ക്ക് അയച്ചു.
'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിടിലന്‍ പടങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ അഭിഭാഷകരുടെ ഭാഗത്ത് ഉണ്ടായെന്ന വിമർശനങ്ങൾ തുടക്കം മുതലേ ശക്തമായിരുന്നു. ദിലീപിന് അനുകൂലമായി സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും അഭിഭാഷകർ നടത്തിയെന്നായിരുന്നു ആരോപണങ്ങൾ. ഇത് സംബന്ധിച്ചുള്ള ചില ഓഡിയോകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു. തുടർന്നായിരുന്നു ദിലീപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചത്.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ബി രാമൻപിള്ള, ഫിലിപ് ടി തോമസ്, സുജേഷ് മോഹൻ എന്നിവർക്കെതിരെ ആയിരുന്നു നടി പരാതി നൽകിയത്. ആദ്യം ഇമെയിൽ വഴിയായിരുന്നു നടി പരാതി അയച്ചിരുന്നത്. എന്നാൽ ആ പരാതി സ്വീകരിക്കാനാകില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. തുടർന്ന് നടി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടി പരാതി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ അടങ്ങുന്ന ഫോണുകൾ ഹൈക്കോടതി ആവശ്യപ്പെട്ട ശേഷം ഇവയിൽ നിന്നും ഡാറ്റകൾ നീക്കം ചെയ്യാൻ അഭിഭാഷകൻ ഇടപെട്ടുവെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

20 ഓളം സാക്ഷികളെ കൂറുമാറ്റിയെന്ന്
കേസിൽ 20 ഓളം സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിനെല്ലാം പിന്നിൽ അഭിഭാഷക സംഘമാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായ നടപടി വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം. തുടർന്ന് പരാതിയിൽ വിശദീകരണം തേടി രാമൻപിള്ളയ്ക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചു. എന്നാൽ അഡ്വക്കേറ്റ്സ് ആക്ടിലെ 35-ാം വകുപ്പിനു വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബാർ കൗൺസിൽ നോട്ടീസിലുള്ള വിശദീകരണത്തിൽ രാമൻപിള്ള വ്യക്തമാക്കിയത്.

രാമൻപിള്ളയുടെ വിശദീകരണം ബാർ കൗൺസിൽ അതിജീവിതയ്ക്ക് അയച്ച് കൊടുത്തു. സംഭവത്തില്‍ കൂടുതലായി വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവ് സഹിതം നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് അനുവദിച്ച സമയ പരിധി ഇന്ന് അവസാനിച്ചു. 31 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി നിർദ്ദേശിച്ചത്.

എന്നാൽ കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നടൻ ദിലീപിനെതിരെ പല നിർണയാക തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പരാതിയിൽ പറയുന്നത്.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഒരു ലക്ഷം രൂപ ദിലീപ് കൈമാറിയതിനും ദിലീപിന്റെ കൈയ്യിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ടെനതിനും തെളിവുണ്ടെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.












Click it and Unblock the Notifications