മഞ്ജുവിനെ വെള്ളം കുടിപ്പിക്കുമോ? ദിലീപിന്റെ അഭിഭാഷകർക്ക് മുന്നിലേക്ക് നടി, നിർണായകം
കേസിൽ ഇന്നലെയായിരുന്നു പ്രോസിക്യൂഷൻ വിസ്താരം. മഞ്ജുവിനെ ഇത് രണ്ടാം തവണയാണ് നടി കേസിൽ വിസ്തരിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി മഞ്ജു വാര്യരെ ഇന്ന് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്യും. കേസിൽ ഇന്നലെയായിരുന്നു പ്രോസിക്യൂഷൻ വിസ്താരം. മഞ്ജുവിനെ ഇത് രണ്ടാം തവണയാണ് നടി കേസിൽ വിസ്തരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാകും മഞ്ജു കോടതിയിലെത്തുക.കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ കോടതിയിൽ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച കാര്യങ്ങളിലാണ് മഞ്ജുവിൽ നിന്നും മൊഴിയെടുക്കുന്നത്.

മഞ്ജു കോടതിയിൽ എത്തിയത്
നടി കേസിന്റെ ആദ്യ ഘട്ട വിചാരണയിലായിരുന്നു മഞ്ജു വാര്യരെ ആദ്യം വിസ്തരിച്ചിരുന്നത്. അതിജീവിതയ്ക്കൊപ്പം തുടക്കം മുതൽ ഉറച്ച് നിന്ന താരമായിരുന്നു അവർ. ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖയിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയത്. എന്നാൽ കടുത്ത എതിർപ്പായിരുന്നു ഇതിനെതിരെ ദിലീപ് ഉന്നയിച്ചത്. മഞ്ജുവിനെ വിസ്തരിക്കാൻ അനുവദിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

മഞ്ജുവിന് വൈരാഗ്യം ഉണ്ടെന്ന് ദിലീപ്
മഞ്ജുവിന് തന്നോട് വൈാരാഗ്യമുണ്ടെന്നും വീണ്ടും അവരെ വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ വിശദീകരിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്നും ദിലീപ് സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിലവിൽ സാക്ഷി വിസ്താരത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. ഇതോടെയാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ കളമൊരുങ്ങിയത്.

പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കിയിരുന്നു
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു വിസ്താരത്തിന് മഞ്ജുവെത്തിയത്. പ്രോസിക്യൂഷൻ വിസ്താരം ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. നേരത്തേ ശബ്ദ രേഖയിലെ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഇൻ ക്യാമറ പ്രൊസിഡീംഗ്സ് ആയതിനാൽ മഞ്ജു കോടതിയിൽ എന്ത് മൊഴി നൽകിയെന്നത് വ്യക്തമല്ല.

മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ
വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയ മഞ്ജുവിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നുവെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കേസ് സംബന്ധിച്ച ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ നിങ്ങൾ ഭക്ഷണം കഴിച്ചോയെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച മഞ്ജു എല്ലാവർക്കും നന്ദി പറഞ്ഞ് പെട്ടെന്ന് തന്നെ കാറിൽ കയറി പോകുകയായിരുന്നു.

മഞ്ജുവിന് പ്രസക്തി ഇല്ലെങ്കിൽ പിന്നെന്തിന്?
അതേസമയം പ്രതിഭാഗത്തിനെ സംബന്ധിച്ച് മഞ്ജുവിന്റെ മൊഴി നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്. മഞ്ജു ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞാലും അതിന് പ്രസക്തിയില്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ദിലീപിന്റെ ശബ്ദമല്ല ശബ്ദരേഖയിൽ ഉള്ളത് എന്ന് ഒരിക്കൽ പോലും ദിലീപ് അവകാശപ്പെട്ടിട്ടില്ലെന്നാണ് ഇവരുടെ വാദം. അതേസമയം മഞ്ജുവിനെ പ്രാധാന്യമില്ലെങ്കിൽ എന്തിന് വേണ്ടിയാണ് മഞ്ജുവിനെ തടയിടാൻ ലക്ഷങ്ങൾ കൊടുത്ത് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

കാവ്യ മാധവന്റെ മാതാപിതാക്കൾ
കേസിൽ മഞ്ജു വാര്യരെ കൂടാതെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കൾ ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ കൂടി കേസിൽ വീണ്ടും വിസ്തരിക്കും. കാവ്യ ദിലീപിനെ വിളിക്കാൻ ഉപയോഗിച്ചത് അമ്മ ശകുന്തളയുടെ ഫോൺ ആണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലായിരിക്കും അവരിൽ നിന്നും വിവരങ്ങൾ തേടുക. കാവ്യയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് ലോക്കർ തുറന്നത് സംബന്ധിച്ചായിരിക്കും പിതാവിൽ നിന്നും വിവരം തേടുക.അതിനിടെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ഇന്ന് കോടതിയിലെത്തും.വിചാരണ ദിവസങ്ങളിൽ നേരിട്ട് ഹാജാരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications