ദിലീപിന് കുരുക്കാകുമോ?ഈ 2 ശബ്ദ സാമ്പിളുകൾ നിർണായകമെന്ന് ക്രൈംബ്രാഞ്ച്..11 നമ്പറുകളുടെ വിവരം തേടി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി നീട്ടി നൽകിയതോടെ തെളിവുകൾ പരമാവധി ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഉടൻ തന്നെ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ ദിലീപിന്റെ ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. അതിനിടെ കേസിൽ രണ്ട് പേരുടെ ശബ്ദ സാമ്പിളിന്റെ ഫോറൻസിക് പരിശോധന ഫലം ഏറെ നിർണായകമാകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'

ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ,കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എന്നിവരുടെ ശബ്ദ സാമ്പിൾ പരിശോധന ഫലമാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്. ഇത് കേസിൽ നിർണായകമാണെന്നാണ് പോലീസ് പറയുന്നത്. സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇക്കാര്യം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്..

ദിലീപിന്റെ ആറ് ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ നിരവധി ഓഡിയോ വീഡിയോ ക്ലിപ്പുകൾ, ഫോട്ടോകൾ എന്നിവ ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകൾ നശിപ്പിക്കപ്പെട്ടതായി ഫോറൻസിക് പരിശോധനയിൽ നേരത്തേ കണ്ടെത്തിയിരുന്നു.

12 വ്യത്യസ്ത നമ്പരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവർ എന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. ഇവ വീണ്ടെടുക്കാൻ ആയിരുന്നില്ല. അതിനിടെ 11 ഫോൺ നമ്പറുകളുടെ വിവരങ്ങൾ അന്വേഷണ സംഘം സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേസിൽ നിർണായക വിവരങ്ങൾ അടങ്ങിയ രണ്ട് ഫോണുകൾ ഇതുവരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എട്ടാം പ്രതി ദിലീപിന്റേയും സഹോദരി ഭർത്താവ് സുരാജിന്റേയും ഫോണുകളാണിവ. ഇവ രണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെങ്കിലും പ്രതികൾ ഇതിന് തയ്യാറായിട്ടില്ല. അതിനിടെ ദിലീപിന് പൾസർ സുനി ജയിലിൽനിന്നയച്ച കത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിക്കാനുണ്ട്.

നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് കത്ത്. കത്തിൽ ദിലീപും പൾസറും തമ്മിലുള ബന്ധം വ്യക്തമാണ്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. 2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. സുനിയുടെ സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്.

അതിനിടെ തുടരന്വേഷണത്തിന് സമയം നീട്ടികിട്ടയതോടെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചുവെന്ന ആരോപണമായിരുന്നു ഉയർന്നത്.

ദിലീപിന്റെ ഫോണുമായി മുംബൈയിലേക്ക് പോയത് അഭിഭാഷകരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് അഭിഭാഷകരായിരുന്നു പോയത്. എന്നാൽ ഇവരെ ചോദ്യം ചെയ്യുന്നതിന് മുകളിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല. നേരത്തേ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചിരുന്നു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ബി രാമൻപിള്ള, ഫിലിപ് ടി തോമസ്, സുജേഷ് മോഹൻ എന്നിവർക്കെതിരെ ആയിരുന്നു നടി പരാതി നൽകിയത്.അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പരാതി. ഇതേ തുടർന്ന് രാമൻപിള്ളയ്ക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചിരുന്നു.എന്നാൽ കേസിൽ നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാമൻപിള്ള ഇതിന് നൽകിയ മറുപടി.












Click it and Unblock the Notifications