നിരന്തരം റെയ്ഡ് നടത്തുന്നു എന്ന് ദിലീപ്; വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോ എന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വാദം തുടരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വീട്ടില്‍ വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചു. എന്നാല്‍ കൃത്യമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു....

കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു. തെളിവില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ച കാര്യം ദിലീപ് ചൂണ്ടിക്കാട്ടി. തന്റെ കുടുംബത്തിലെ എല്ലാ പുരുഷന്‍മാരെയും പ്രതികളാക്കിയിരിക്കുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുന്നുവെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കേസെടുത്തത്. ദിലീപിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നീടാണ് എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

വെറുതെ വീട്ടില്‍ ഇരുന്ന് പറയുന്നത് ഗൂഢാലോചനയാകുമോ എന്ന് കോടതി ചോദിച്ചു. എന്തെങ്കിലും കുറ്റകൃത്യം ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതില്ലേ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാല്‍ ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

ബാലചന്ദ്ര കുമാര്‍ നല്‍കിയ തെളിവുകള്‍ സംബന്ധിച്ച് പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു. ബാലചന്ദ്ര കുമാര്‍ എന്തുകൊണ്ടാണ് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആകാതിരുന്നത് എന്ന് കോടതി ഈ വേളയില്‍ ചോദിച്ചു.

അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിയ വേളയില്‍ പ്രഥമ ദൃഷ്ട്യാ വ്യക്തമായ തെളിവില്ലെന്ന് ഹൈക്കോടതി നടത്തിയ നിരീക്ഷണം ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തെളിവില്ലാതെയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണ്. വീട്ടിലെ പുരുഷന്‍മാരെ എല്ലാവരെയും കേസില്‍ പ്രതിയാക്കുകയാണ്. തന്റെ വൃദ്ധയായ മാതാവ് കിടക്കുന്ന മുറിയില്‍ പോലും പോലീസ് പരിശോധനയ്ക്ക് എത്തി. നിരന്തരം റെയ്ഡ് നടക്കുകയാണെന്നും ദിലീപ് ബോധിപ്പിച്ചു.

ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. വാദം നാളെയും തുടരുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് കേസ്. അന്വേഷണ സംഘത്തിന്റെ വീഡിയോ കണ്ട വേളയില്‍ അവര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞു എന്നാണ് ബാലചന്ദ്ര കുമാര്‍ അറിയിച്ചത്.

എന്നാല്‍ ശാപവാക്ക് മാത്രമാണ് പറഞ്ഞതെന്നും ഗൂഢാലോചനയല്ലെന്നും ദിലീപ് വാദിക്കുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, വിഐപി എന്നിവരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications