ദിലീപിന് പുച്ഛം, ഓർമ്മക്കുറവും; ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനേക്കുറിച്ച് ബാലചന്ദ്രകുമാർ
കൊച്ചി; കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു അന്വേഷണ സംഘം സംവിധായകൻ ബാലചന്ദ്രകുമാറിനേയും വിളിച്ച് വരുത്തി ചോദ്യം ചെയ്തത് . പല ചോദ്യങ്ങളിൽ നിന്നും ദിലീപ് ഒഴിഞ്ഞ് മാറുകയും വ്യക്തമായ ഉത്തരങ്ങൾ നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ബാലചന്ദ്രകുമാറിനേയും അന്വേഷണ സംഘം വിളിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ഇരുവരേയും ഒരുമിച്ച് ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ചോദ്യം ചെയ്യലിനെ കുറിച്ച് വിശദമാക്കുകയാണ് ബാലചന്ദ്രകുമാർ .റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്

ഞാൻ പറഞ്ഞ കാര്യങ്ങളിൽ, തെളിവുകളിൽ ഞാൻ ഉറച്ച് നിന്നു. ചിക്കൻ ബിരിയാണിയുടെ കാര്യം പറഞ്ഞപ്പോൾ , ചിക്കനല്ല മട്ടൻ ബിരിയാണിയാണ് കഴിച്ചത് എന്നൊക്കെയുള്ള തരത്തിലാണ് ദിലീപിന്റെ മറുപടികൾ. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. ദിലീപിന് എല്ലാത്തിനോടും പുച്ഛവും കളിയാക്കലുമായിരുന്നു.

ദിലീപിന്റെ സമ പ്രായമുളള ഒരാളാണ് ഞാൻ. ചോദ്യം ചെയ്യലിനിടെ ഞാൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന് കോടതിയിൽ തെളിവുകൾ നിരത്തി പ്രതിരോധിക്കാം. ചോദ്യം ചെയ്യലിനിടെയെല്ലാം അദ്ദേഹം വളരെ പുച്ഛത്തോടെയാണ് പെരുമാറിയത്. അതേസമയം ദിലീപിന്റെ ബോഡി ലാംഗ്വേജ് വളരെ മോശമായിരുന്നു. പഠിച്ച വെച്ച ചില കാര്യങ്ങൾക്ക് മാത്രമാണ് ദിലീപ് മറുപടി നൽകിയത്.

തനിക്ക് ഓർമയില്ലെന്നാണ് പല കാര്യങ്ങൾക്കും ദിലീപ് മറുപടി നൽകിയത്. കൊല്ലം തുളസിയെന്ന നടൻ ദിലീപിനെ ജയിലിൽ പോയി കണ്ടതാണല്ലോ. അദ്ദേഹം അവിടെയെത്തി ദിലീപിനോട് 15 മിനിറ്റോളം സംസാരിച്ചാണ് മടങ്ങിയത്. കൊല്ലം തുളസിക്കൊപ്പം വിതുരക്കാരനായ ഒരു അബ്കാരി കോൺട്രാക്ടർ ഉണ്ടായിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അവർ സംസാരിച്ചതാണ്. എന്നാൽ അത് തനിക്ക് ഓർമയില്ലെന്നാണ് ദിലീപ് പറഞ്ഞത്.
അൽഷിമേസ് ബാധിച്ചത് പോലെയാണ് മറുപടി.

പുച്ഛം അദ്ദേഹത്തിന്റെ അഭിനയം മാത്രമാണ്. പുച്ഛം എന്ന കഥാപാത്രം അണിഞ്ഞ് അദ്ദേഹം അങ്ങനെ പ്രതികരിക്കുകയാണ്. എതിർക്ഷികളെ പ്രതിരോധിക്കാൻ വേണ്ടി പുച്ഛത്തോടെ ഇരിക്കേണ്ടി വരുമെന്ന തോന്നൽ ദിലീപിന് ഉണ്ടായിക്കാണണം. ഞാൻ അദ്ദേഹത്തിൻറെ ഒരു നീക്കത്തിലും പതറിയിട്ടില്ല.എനിക്ക് പതറേണ്ട കാര്യവുമില്ല. സത്യം എത്ര വേദിയിൽ വിളിച്ചു പറഞ്ഞാലും അതിന് ഒരു ഭാവമേ ഉണ്ടാവൂ. കളളം പറയുവാനാണല്ലോ നമ്മൾ ഒരുപാട് കരുതിക്കൂട്ടേണ്ടത്.

എനിക്ക് പറയേണ്ടത് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി മുതൽ റിപ്പോർട്ടർ ചാനലിൽ നടത്തിയ വെളിപ്പെടുത്തലിൽ വരെ എനിക്ക് പറയുവാനുളളത് എല്ലാം തന്നെ അന്നും ഇന്നും ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. അൽഷിമേഴ്സ് ബാധിച്ചത് പോലെയൊക്കെ ദിലീപ് അഭിനയിക്കുകയാണ്.

ദിലീപ് പറഞ്ഞ ചില വാക്കുകൾ കൃത്രിമമായി ഉണ്ടാക്കി പറഞ്ഞതാണ്. ദിലീപിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെന്നാണ് തനിക്ക് മനസിലായത്. ചോദ്യം ചെയ്യലിനിടെ നാലര മണിക്കൂറും താനും ദിലീപും ഒരുമിച്ച് ആയിരുന്നില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ ദിലീപ് കേൾക്കുന്നുണ്ട്. അതേസമയം ദിലീപിന്റെ മറുപടികൾ പലതും തനിക്ക് കേൾക്കാൻ കഴിയില്ല. പക്ഷേ ചിലത് ഞാൻ കേട്ടിട്ടുണ്ട്, ബാലചന്ദ്രകുമാർ പറഞ്ഞു.

ഒരു പെണ്ണിന് വേണ്ടി ചെയ്ത് താൻ കുടുങ്ങി പോയെന്ന് ദിലീപ് പറഞ്ഞതായി ഞാൻ കേട്ടതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ബൈജുവിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇത് പറഞ്ഞത് പുറകിലേക്ക് കൈ ചൂണ്ടിയിരുന്നു. ആ സ്ത്രീ പക്ഷേ ആരാണെന്ന് തനിക്ക് അറിയില്ല. അവരിലേക്ക് അന്വേഷണ സംഘം ഉടൻ എത്തും.

കേസിൽ അന്വേഷണ സംഘം 30 ഓളം പേരും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. പോലീസ് പക്ഷേ ഇക്കാര്യം പുറത്ത് പറയാഞ്ഞിട്ടാണ്.
കേസിലെ നെല്ലും പതിരും അറുപത് ശതമാനത്തോളം തെളിഞ്ഞതായാണ് തന്റെ വിശ്വാസം. ദിലീപ് അവസാനത്തെ കളിയാണ് കളിക്കുന്നത്,ചിരിച്ചുകൊണ്ടുള്ള കളിയാണത്. ബൈജു പൗലോസിന്റെ സംഘം എന്നെ പറഞ്ഞുപഠിപ്പിച്ച് വ്യാജപരാതി കൊടുത്തുപ്പിച്ചത്
ആണെന്ന് ദിലീപ് ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം ഞാൻ ചലഞ്ച് ചെയ്യുകയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.












Click it and Unblock the Notifications