'ദിലീപിന് വിറളി പിടിച്ചിരിക്കുകയാണ്, സായ് ശങ്കറിന് 25 ലക്ഷം കൊടുക്കാൻ ആളെ വിട്ടു'; ബൈജു കൊട്ടാരക്കര
സാക്ഷികളുടെ മനസ് മാറ്റാനും സ്വാധീനിക്കാനുമൊക്കെയുള്ള ശ്രമമാണ് നടക്കുന്നത്. ബാലചന്ദ്രകുമാറിനെയൊക്കെ സ്വാധീനിക്കാൻ ശ്രമം ഉണ്ടെന്നും ബൈജു കൊട്ടാരക്കര

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മഞ്ജു വാര്യർ അടക്കം പ്രധാന സാക്ഷികളെയാണ് ഇനി കേസിൽ വിസ്തരിക്കാൻ ഉള്ളത്. എന്നാൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്. ഇക്കാര്യത്തിൽ ദിലീപിന്റെ വാദം എഴുതി നൽകാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിചാരണ അവസാനിക്കാനിരിക്കെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച ദിലീപിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. അവസാനം ഘട്ടത്തിലേക്ക് കേസ് കടന്നതോടെ ദിലീപും കൂട്ടരും വിറളിപിടിച്ചിരിക്കുകയാണെന്ന് ബൈജു കൊട്ടാരക്കര വിമർശിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് സംവിധായകന്റെ പ്രതികരണം. വായിക്കാം.

സായ് ശങ്കർ നൽകിയ മൊഴി
'ഇതൊരു ഇരട്ടത്താപ്പ് കളിയാണ്. ബാലചന്ദ്രകുമാറിനേയും സായ് ശങ്കറിനേയുമെല്ലാം കോടതിയിലേക്ക് വിളിപ്പിച്ച് വെറുതെ ഒന്നോ രണ്ടോ ചോദ്യം ചോദിച്ച് വിടുകയാണ്. പതിനായിരത്തിന് മുകളിൽ ഓഡിയോ ക്ലിപ്പാണ് കോടതിയിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തെളിവുകൾ ഇല്ലെന്ന് ആരൊക്കെ കുരച്ചാലും നടക്കില്ല. അഭിഭാഷകരെ രക്ഷിക്കാനാണ് ഞാൻ ആദ്യം കള്ളം പറഞ്ഞതെന്നാണ് സായ് ശങ്കർ നൽകിയ മൊഴി. വീണ്ടുവിചാരമുണ്ടായപ്പോളാണ് സത്യം പറയാൻ തീരുമാനിച്ചതെന്നാണ് സായ് ശങ്കർ കോടതിയിൽ പറഞ്ഞതെന്നാണ് അറിയാൻ കഴിഞ്ഞത്'

ബാലചന്ദ്രകുമാറിനേയും സ്വാധീനിക്കാൻ ശ്രമമുണ്ടായി
'സാക്ഷികളുടെ മനസ് മാറ്റാനും സ്വാധീനിക്കാനുമൊക്കെയുള്ള ശ്രമമാണ്. ബാലചന്ദ്രകുമാറിനെയൊക്കെ സ്വാധീനിക്കാൻ ശ്രമമുണ്ടല്ലോ. നേരത്തേ സാഗർ എന്ന സാക്ഷി മൊഴി മാറ്റുകയും പിന്നീട് സത്യസന്ധമായ മൊഴി കൊടുക്കുകയും ചെയ്തു. 25 ലക്ഷം തരാം മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കറിനടുത്ത് ആള് പോയിട്ടുണ്ടെന്ന് സായ് എന്നോട് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാറിനേയും സ്വാധീനിക്കാൻ ശ്രമമുണ്ടായി'.

കേസിൽ വിറളി പിടിച്ചത് കൊണ്ടാണ്
'ഇത്തരത്തിൽ കേസിന്റെ അവസാനമായപ്പോൾ ആളുകൾ സത്യം പറയുകയും കേസ് തെളിയുകയും ചെയ്യും എന്നായപ്പോഴാണ് മുകുൾ റോത്തഗിയെ പോലെ പ്രമുഖനായ അഭിഭാഷകനെയൊക്കെ 75 ലക്ഷമോ ഒരു കോടിയോ ഒക്കെ വെച്ച് കൊണ്ടുവന്നത്. കാശുണ്ടല്ലോ ഇതിനൊക്കെ. കേസിൽ വിറളി പിടിച്ചത് കൊണ്ടാണ് പ്രതിഭാഗം ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ദിലീപ് വിജയിക്കുമെന്ന് എങ്ങനെയാണ് പ്രഖ്യാപിക്കുന്നത്
'റോത്തഗിയെ പോലൊരു സിംഹത്തേയോ പുലിയേയോ ഒക്കെ ഇറക്കാൻ പ്രാപ്തിയുള്ള ആളാണല്ലോ ദിലീപും കൂട്ടരും. രാഹുൽ ഈശ്വറിനെ പോലെയുള്ള ആളുകൾ ദിലീപ് വിജയിക്കുമെന്ന് എങ്ങനെയാണ് പ്രഖ്യാപിക്കുന്നത്? അടൂര് പറയുന്നത് ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ്. ഇതൊക്കെ ആരെ ബോധിപ്പിക്കാനാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. നടി കേസിൽ കൃത്യമായൊരു ആന്റി ക്ലൈമാക്സ് ഉണ്ടാകും', ബൈജു കൊട്ടാരക്കര പറഞ്ഞു.

തോൽക്കുന്നതിന് തൊട്ട് മുൻപുള്ള ആത്മവിശ്വാസമാണ്
എന്നാൽ തോൽക്കുന്നതിന് തൊട്ട് മുൻപുള്ള ആത്മവിശ്വാസമാണ് ബൈജു കൊട്ടാരക്കര പ്രകടിപ്പിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ പ്രതികരണം. ദിലീപിന്റെ ഭാഗത്താണ് സത്യവും ന്യായവും എന്നത് കൊണ്ട് തന്നെ കേസിൽ ദിലീപ് വിശ്വസിക്കുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് എന്നത് ഒരു ബാധ പോലെയാണ്
ദിലീപിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസ് എന്നത് ഒരു ബാധ പോലെയാണ്. കോടതിയിൽ ആത്യന്തികമായി സത്യമാണ് വിജയിക്കുക. എന്തൊക്കെ കാണിച്ചാലും കാര്യമില്ല. ദിലീപിനെതിരെ യാതൊരു തെളിവുമില്ല. എന്തെങ്കിലും പറഞ്ഞ് വീണ്ടും കേസ് നീട്ടിക്കൊണ്ടുപോകുന്നൊരു സാഹചര്യം കേസിൽ ഉണ്ടാകാൻ പാടില്ല. ദിലീപ് വിരോധകൾ പ്രതീക്ഷിക്കുന്നത് ദിലീപ് ശിക്ഷിക്കപ്പെടുമെന്നാണ്. അവർ മൂഢസ്വർഗത്തിലാണ്', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications