സ്വഭാവം അനുസരിച്ച് ദിലീപ് ആ ക്രൂരകൃത്യം ചെയ്തിട്ടുണ്ടാകും; മനുഷ്യത്വം ഇല്ലാത്തവനാണ്: എം സുകുമാരന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട നടന്‍ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സംവിധായകന്‍ ആർ സുകുമാരന്‍. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്ന് പറച്ചില്‍. പാദമുദ്ര, രാജശില്‍പ്പി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളും ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയ യുഗപുരുഷന്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്ത കലാകാരനാണ് ആർ സുകുമാരന്‍.
ദിലീപിനെ പ്രഥാന കഥാപാത്രമാക്കി ഒരു ചിത്രവും അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങി. അതേക്കുറിച്ചുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ ആർ സുകുമാരന്‍ തുറന്ന് പറയുന്നത്. പ്രായം കൊണ്ട് വ്യത്യാസം വരുന്ന ഒരാളുടെ കഥയായിരുന്നു ദിലീപുമായി ബന്ധപ്പെട്ട പ്രോജക്ട്. അനില്‍ അമ്പരക്കരയ്ക്ക് അതേക്കുറിച്ച് അറിയാം. തിരക്കഥ വായിച്ചതോടെ എത്ര തുക വേണമെങ്കിലും ഇതിന് വേണ്ടി മുടക്കാമെന്ന് അദ്ദേഹം പറഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.

ഞങ്ങള്‍ രണ്ടുപേരും ചേർന്നാണ് ദിലീപിന് പണം കൊടുത്തത്. പക്ഷെ ഇവരെയൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. മോഹന്‍ലാലിനെയും ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ട്. അങ്ങനെ ദിലീപ് ഒഴിയാന്‍ നിന്നു. എന്നാല്‍ ഒഴിയുന്നുമില്ല. ചെയ്യാം സാർ.. ചെയ്യാം സാർ എന്ന് പറഞ്ഞ് നീട്ടുകയായിരുന്നു. അങ്ങനെ ആയപ്പോള്‍ ഇയാള്‍ നമ്മളെ പറ്റിക്കുകയാണെന്ന് ഞാന്‍ അമ്പലക്കരയോട് പറഞ്ഞു. ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഡേറ്റ് തരണം, അല്ലെങ്കില്‍ പൈസ തിരിച്ച് തരണം എന്ന് വ്യക്തമാക്കി.
പൈസ തിരിച്ച് തരണമെന്ന് പറഞ്ഞപ്പോള്‍ ഒന്നൂടെ നോക്കട്ടെ എന്നായി. അവസാനം ഞങ്ങള്‍ നിലപാട് വ്യക്തമാക്കി. പൈസയോ ചെക്കോ തരണമെന്ന് പറഞ്ഞു. അങ്ങനെ ഒരു ചെക്കെഴുതി നിർമ്മാതാവിന് കൊടുത്തു. അങ്ങനെയാണ് ആ സിനിമ പൊളിഞ്ഞത്. ഇത് അയാൾ ആയിട്ട് വേണ്ടെന്ന് വെച്ചതല്ല, അയാൾക്ക് ഒപ്പമുള്ളവർ അയാളെ പറഞ്ഞു തിരുത്തിയതാണ് എന്നാണ് കരുതുന്നതെന്നും സുകുമാരന്‍ പറയുന്നു.
ആദ്യം വിഷമം തോന്നിയെങ്കിലും അവസാനമായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇവനെപ്പോലുള്ള ഒരുത്തന്റെ കൂടെ വർക്ക് ചെയ്യേണ്ടി വന്നില്ലാലോ എന്ന് തോന്നി. പിന്നീട് ഞാൻ അയാളെ വെച്ച് ഒരു സിനിമയും ആലോചിച്ചിട്ടില്ല. അവന്റെ സിനിമകൾ പോലും ഞാൻ കാണാറില്ല. അവന്റെ സിനിമ വരുമ്പോള്‍ ഞാന്‍ ചാനല്‍ മാറ്റി വേറെ സിനിമ കാണുമെന്നും അദ്ദേഹം പറയുന്നു.
'എന്നെ മാത്രമല്ല, എത്ര പെണ്‍കുട്ടികളെ അവന്‍ ദ്രോഹിച്ചിട്ടുണ്ട്. ദിലീപിന്റെ സ്വഭാവം അനുസരിച്ച് അത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടുണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നേരിട്ട് ചെയ്തില്ലെങ്കില്‍ മറ്റുള്ളവർ വഴി അവന്‍ ചെയ്യും. വേറെ ഒന്നും കൊണ്ട് പറയുകയല്ല, മനുഷ്യത്വം ഇല്ലാത്തവനാണ്. അതുകൊണ്ടെന്താ അവന്റെ ഒരു പടം പോലും ഇപ്പോള്‍ വിജയിക്കുന്നില്ലാലോ' സുകുമാരന്‍ പറയുന്നു.












Click it and Unblock the Notifications