'ദിലീപിനൊടുള്ള ശത്രുതകൊണ്ടല്ല ഇവിടെ ഇരിക്കുന്നത്; പിന്നില്‍ ഇവരൊക്കെയാണെന്ന് ആര്‍ക്കും മനസിലാകും'
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഇത് നടിക്ക് വേണ്ടിയല്ല, ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. കാല് പിടിച്ച് നീതി തരൂ എന്ന് അപേക്ഷിക്കേണ്ട രീതിയിലേക്ക് അല്ല ഇത് പോകേണ്ടതെന്നും ഭാഗ്യലക്ഷമി വ്യക്തമാക്കി.

എല്ലാവര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കാണാന്‍ സാധിക്കണമെങ്കില്‍ മാതൃകാപരമായ കോടതി ആകുമ്പോള്‍ മാത്രമേ സാധിക്കൂ. അല്ലെങ്കില്‍ ജനങ്ങള്‍ കോടതികളെ പുച്ഛിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്....

എല്ലാം ചെയ്തത് അദ്ദേഹമാണോ എന്ന ചോദ്യം ഇപ്പോള്‍ മാറി. കോടതിയില്‍ നടന്ന കാര്യങ്ങള്‍, മൊബൈല്‍ കൊടുക്കാനുള്ള മടി, പുറത്തുവന്ന സംഭാഷണങ്ങള്‍ എല്ലാം നോക്കുമ്പോള്‍ പിന്നില്‍ ഇവരൊക്കെയാണെന്ന് ആര്‍ക്കും മനസിലാകും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മൊബൈല്‍ എല്ല എന്തും പരിശോധിക്കാമെന്ന് പറയുമ്പോഴാണ് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് സമൂഹം വിശ്വസിക്കുന്നത്.

21 സാക്ഷികളെ കൂറുമാറ്റിയത് കോടതിയെ സംബന്ധിച്ച് നിസാരമായിരിക്കാം. എന്നാല്‍ പൊതുജനത്തെ സംബന്ധിച്ച് വളരെ ഗൗരവമുള്ള വിഷയമാണ്. അതിനും അപ്പുറമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ പോകില്ലെന്ന് പറയുന്നു. ഒരു സ്ഥലത്തേക്ക് വരാന്‍ പറയുമ്പോള്‍ പറ്റില്ലെന്ന് പറയുന്നു. മൊബൈല്‍ ഫോണ്‍ തരാന്‍ പറ്റില്ലെന്ന് പറയുന്നു.

ഇത്രയും കാര്യങ്ങള്‍ പുറത്തുവന്നിട്ടും എല്ലാവര്‍ക്കും എല്ലാം മനസിലായിട്ടും കോടതി ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ അടിച്ചമര്‍ത്തുന്ന കാര്യങ്ങളിലേക്ക് നീങ്ങുകയാണ്. ഇതൊക്കെ കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് ഭയമാണ് തോന്നുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ ആരും ഇപ്പോഴും ഒന്നും മിണ്ടുന്നില്ലെന്നത് വളരെ സങ്കടമുള്ള കാര്യമാണ്. സിനിമയ്ക്കുള്ളില്‍ ഇനി ഒരു പ്രതിഷേധമോ പ്രതികരണമോ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഈ വിഷയം സമൂഹം ഏറ്റെടുക്കണം. ഒരു നടിക്ക് വേണ്ടിയല്ല, ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. ഒരു പെണ്‍കുട്ടിക്കും ഇത്തരമൊരു സാഹചര്യം ഉണ്ടാകരുത്. അതിന് വേണ്ടിയാണ്. കാല് പിടിച്ച് എനിക്ക് നീതി തരൂ എന്ന രീതിയിലേക്കല്ല കാര്യങ്ങള്‍ പോകേണ്ടത്. മാതൃകപരമായ ഒരു കോടതി ആകുമ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കോടതിയെ കാണാന്‍ സാധിക്കൂ. അല്ലെങ്കില്‍ ജനം ഇനി പുച്ഛിക്കാന്‍ തുടങ്ങും കോടതികളെ. അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനായി ഈ കോടതി മനസ് വയ്ക്കണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അന്വേഷണസംഘം തെറ്റാണ് കണ്ടെത്തുന്നതെങ്കില്‍ അത് വിമര്‍ശിക്കേണ്ട ഉത്തരവാദിത്തം കോടതികള്‍ക്കാണ്. നമ്മള്‍ ഇവിടെ ഇരുന്ന് സംസാരിക്കുന്നത് ദിലീപിനോടുള്ള ശത്രുത കൊണ്ടല്ല. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണം. അതിന് സഹായിക്കേണ്ടത് കോടതിയാണ്. അല്ലാതെ ആ പെണ്‍കുട്ടി അനുഭവിച്ച വേദന ഓരോരുത്തര്‍ പ്രിവ്യൂ ഇട്ട് കാണുമ്പോള്‍, അത് ഇനിയുമെന്തിനാണ് നിങ്ങള്‍ പരിശോധിക്കുന്നതെന്ന് ചോദിക്കുകയല്ല പൊതുജനങ്ങളോട് ചെയ്യേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അത് അല്ല കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ യുവജനസംഘടനകളും രംഗത്തിറങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വളരെ വിരളമായിട്ടുള്ളവരാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളതെന്നും എന്‍ എസ് നുസൂര്‍ പറയുന്നു.

സാംസ്‌കാരിക നായകര്‍ അടക്കമുള്ള ആരെയോ ഭയപ്പെട്ട്, അടിമപ്പെട്ട്, വിധേയപ്പെട്ട് നില്‍ക്കുന്നത് പോലെയാണ് പൊതുസമൂഹത്തിന് തോന്നുന്നത്. വിഷയത്തില്‍ ഡി വൈ എഫ് ഐ, യുവമോര്‍ച്ച പോലുള്ള സംഘടനകള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും നുസൂര്‍ റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.












Click it and Unblock the Notifications