തെളിവ് നശിപ്പിച്ചയാളെ കൊണ്ടുതന്നെ തെളിവ് വീണ്ടെടുക്കുന്നു, കുത്തിയ വിഷം തിരിച്ചെടുക്കുന്നത് പോലെ:ജോര്‍ജ് ജോസഫ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസിലെ നശിപ്പിച്ച തെളിവുകള്‍, നശിപ്പിച്ച ആളെ കൊണ്ട് തന്നെ തിരിച്ചെടുപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ്. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചന കേസിലും തെളിവുകള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം സായ് ശങ്കറിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോര്‍ജ് ജോസഫിന്റെ പ്രതികരണം.
സി എഫ് എല്‍ എന്നല്ല സര്‍ക്കാര്‍ വാദിയായിട്ടുള്ള കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രതിയ്ക്ക് അനുകൂലമായി നിലപാടെടുക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ അയാളും കേസില്‍ പ്രതിയാകുമെന്നും ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനാണ് സര്‍ക്കാര്‍ ഇരിക്കുന്നതെന്നും അപ്പോള്‍ വാദിയായിട്ട് വരുന്നത് ചാര്‍ജ്ഷീറ്റ് കൊടുക്കുന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍ക്കാരും സര്‍ക്കാരിന്റെ അല്ലെങ്കില്‍ പ്രോസിക്യൂഷന് അനുകൂലമായിട്ടേ നില്‍ക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ജ് ജോസഫിന്റെ വാദങ്ങളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്.

പൊതുവെ നമ്മള്‍ നോക്കുമ്പോള്‍ ഈ കേസില്‍ ആദ്യത്തെ കേസിനും രണ്ടാമത്തെ എഫ് ഐ ആറിനും അതിനകത്തുള്ള തെളിവുകള്‍ സമൂലമായിട്ട് മാറ്റാനുള്ള ഒരു ശ്രമമാണ് നടന്നിരിക്കുന്നത്. പ്രതികളെല്ലാവരും അവരുടെ വക്കീലും ഇതിനകത്ത് പൊതുവെ സഹകരിച്ചിരിക്കുന്നു. അത് തന്നെയുമല്ല കോടതിയിലിരുന്ന പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലെ ദൃശ്യത്തിനകത്ത് നിന്ന് അത് പെന്‍ഡ്രൈവില്‍ നിന്ന് ലാപ്‌ടോപ്പിലേക്ക് കണക്ട് ചെയ്ത് 2018 ല്‍ അതിന്റെ കോപ്പി എടുത്തു, അതിന് ശേഷം മൂന്ന് നാല് അഞ്ച് തവണ ആ പെന്‍ഡ്രൈവിലേക്ക് വീണ്ടും ഏതോ ലാപ്‌ടോപ്പ് കണക്ട് ചെയ്തു. അതിന്റെ തെളിവ് കിട്ടി.

പിന്നെ വിചാരണ കോടതിയില്‍ നിന്ന് ചില തെളിവുകള്‍. കോടതി ഔദ്യോഗികമായി കൊടുക്കാത്ത ചില തെളിവുകള്‍. അത് ദിലീപിന്റേയും ദിലീപിന്റെ കൂട്ടുപ്രതികളുടേയും രഹസ്യ ഫോള്‍ഡറിനകത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. അപ്പോള്‍ ഇത്രയൊക്കെ പച്ചയായ സത്യങ്ങളെല്ലാം വെളിയിലോട്ട് വന്ന് കഴിഞ്ഞു. അപ്പോള്‍ നമ്മള്‍ ഇതില്‍ നിന്ന് മനസിലാക്കുന്നത് എല്ലാ രംഗത്തും സ്വാധീനമുള്ള വ്യക്തികള്‍ അവരുടെ കഴിവ് അനുസരിച്ച് ഈ കേസ് നശിപ്പിക്കാനായിട്ടും നീതി നിഷേധിക്കാനായിട്ടും ഉള്ള ശ്രമം സമൂലം ചെയ്ത് കഴിഞ്ഞു. നേരത്തയൊക്കെ നമ്മള്‍ സംശയ ദൃഷ്ടിയോടെയാണ് പറഞ്ഞ് കൊണ്ടിരുന്നത്.

സായ് ശങ്കറിന്റെ സംസാരം കേട്ട് കഴിഞ്ഞിട്ട് അതിനകത്ത് നിന്ന് ഒരോന്നും നശിപ്പിച്ച് കളഞ്ഞതെല്ലാം അയാളെ കൊണ്ട് തന്നെ റിട്രീവ് ചെയ്യിപ്പിക്കുകയാണ്. സായ് ശങ്കറിനെ കൊണ്ട് തന്നെ വിഷം തിരിച്ച് കുത്തിയെടുക്കാണ്. അപ്പോള്‍ ഇത് ഹൈക്കോടതിയിലെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. വിചാരണ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇനി നമുക്ക് നീതി അവിടെ നിന്ന് കിട്ടുക എന്നുള്ളതാണ്. ആ നടിയ്ക്ക് നീതി കിട്ടുന്നതിന് പല തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രതിയെ സഹായിക്കാന്‍ പാടില്ല.

സര്‍ക്കാരാണല്ലോ ഈ കേസിന്റെ വാദി. ഒരാളെ നമ്മള്‍ ചവിട്ടുകയോ കൊല്ലുകയോ ചെയ്താലും വാദി എപ്പോഴും സര്‍ക്കാരാണ്. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനാണ് സര്‍ക്കാര്‍ ഇരിക്കുന്നത്. അപ്പോള്‍ വാദിയായിട്ട് വരുന്നത് ചാര്‍ജ്ഷീറ്റ് കൊടുക്കുന്ന ഉദ്യോഗസ്ഥനാണ്. സര്‍ക്കാരിന്റെ എല്ലാ മേഖലയിലും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍ക്കാരും സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുകൂലമായിട്ടേ നില്‍ക്കാന്‍ ഒക്കൂ. അതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ട് ഉണ്ടെങ്കില്‍ അവരും ആ കേസില്‍ കുറ്റക്കാരാകും. ഇപ്പോള്‍ പല സ്ഥലത്തും ചില പൊലീസുകാരെ ടെര്‍മിനേറ്റ് ചെയ്ത് വിട്ടത് കണ്ടല്ലോ.

അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പലതും വെളിയിലുള്ളവര്‍ക്ക് കൊടുത്തതിനാണ് അത്. അതുപോലെ ഒരു കേസ് പൊലീസ് അന്വേഷിക്കുന്നതിനകത്ത് സര്‍ക്കാരിന്റെ ഏറ്റവും ലോവര്‍ ഗ്രേഡിലുള്ള ഒരു പ്യൂണ്‍ വരെയാണെങ്കിലും ശരി ആ കേസിലേക്ക് പ്രോസിക്യൂഷന് സക്‌സസ്ഫുള്ളായി മുന്നോട്ടുപോകാന്‍ വിഘാതമുയര്‍ത്തുന്ന എന്ത് പരിപാടി ആര് കാണിച്ചാലും അവരും ആ കേസിനകത്ത് പ്രതിയാകും, പ്രതിയാക്കണം.

അങ്ങനെയാണ് നിയമം പോകുന്നത്. അതുകൊണ്ട് സെന്‍ട്രല്‍ മായാ സിഎഫ്എല്‍ എന്ന് പറയുന്ന ആരായാലും ശരി, ഇത്രയും വലിയ ഒരു കേസിന് അകത്തുള്ള പ്രതി അവരെ അപ്രോച്ച് ചെയ്യുമ്പോള്‍ അവര്‍ മിണ്ടാതിരിക്കണം. അപ്രോച്ച് ചെയ്താല്‍ അവര്‍ക്കൊന്നും ചെയ്യാനൊക്കൂല. പക്ഷെ പ്രതികരിച്ചത് പ്രോസിക്യൂഷന് എതിരായിട്ട് സംസാരിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും അവര്‍ പ്രതിയാകും.












Click it and Unblock the Notifications