പള്‍സർ സുനിക്ക് താല്‍ക്കാലിക ജാമ്യം: ആറ് വർഷത്തിന് ശേഷം ആദ്യമായി ജയില്‍ വിട്ട് വീട്ടിലേക്ക്
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി നിരവധി തവണയാണ് ജാമ്യാപേക്ഷയുമായി നേരത്തെ വിവിധ കോടതികളെ സമീപിച്ചിരുന്നത്. സുപ്രീംകോടതി വരെ ഹർജിയുമായി എത്തിയെങ്കിലും ഒരിക്കല്‍ പോലും അനുകൂലമായ വിധി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് അദ്ദേഹം.
കേസില്‍ പ്രതികളായ മറ്റുള്ളവരെല്ലാം പുറത്തിറങ്ങിയിട്ടും തനിക്ക് മാത്രം ജാമ്യം ലഭിച്ചില്ലെന്നായിരുന്നു സുനിയുടെ പ്രധാന വാദം. കേസിലെ വിചാരണ നീണ്ടുപോവുന്നതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയതോടെ എല്ലാ കോടതികളും സുനിയുടെ ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. എന്നാല്‍ ഇപ്പോഴിതാ പള്‍സർ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

താല്‍ക്കാലിക ജാമ്യം അനുവദിച്ചത് എന്തിന്
അച്ഛന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് പള്‍സർ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതി ജയിലില്‍ നിന്നും വീട്ടിലേക്ക് വരും. എറണാകുളം സെഷൻസ് കോടതിയാണ് വ്യാഴാഴ്ച സുനിക്ക് താൽകാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടിനും വൈകിട്ട് നാലിനുമിടയിൽ പെരുമ്പാവൂരിലെ വീട്ടിലേക്ക് പോവാനാണ് സുനിക്ക് സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അനുമതി നൽകിയത്. അടുത്ത ബന്ധുക്കളുമായി മാത്രം ഇടപഴകണമെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്ന നിർദേശവും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
സുനിക്കെതിരായ കേസ്
വ്യാഴാഴ്ച രാവിലെ അച്ഛൻ മരിച്ചതിനെ തുടർന്ന് സുനി കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തുകയായിരുന്നു. സിനിമാ നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കയറ്റി, ഫോട്ടോയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇപ്പോൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ നടന്ന് വരികയാണ്. 2022 മാർച്ചിലാണ് സുനി ആദ്യം ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു, 2022 ജൂലൈയിൽ സുപ്രീംകോടതിയും ജാമ്യം നൽകാൻ വിസമ്മതിച്ചു.
സുനിയുടെ ജാമ്യാപേക്ഷളും കോടതി നിലപാടും
ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പുതുക്കി നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന്, അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു, എന്നാല്‍ മാർച്ച് 6 ന് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചു. തുടർന്ന് അദ്ദേഹം മാർച്ച് 29 ന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി പള്‍സർ സുനിയുടെ ജാമ്യം തള്ളിയത്. പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ നടിയുടെ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.












Click it and Unblock the Notifications