ദിലീപ് കേസ്; ബൈജു കൊട്ടാരക്കരയ്ക്ക് രക്ഷയില്ല, പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ നടത്തിയ പരാമർശത്തിലായിരുന്നു സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസിനെതിരെ ബൈജു കൊട്ടാരക്കര രംഗത്തെത്തുകയായിരുന്നു. നേരത്തേ കേസ് പരിഗണിക്കവെ തന്റെ പരാമർശത്തിൽ നീരുപാധികം മാപ്പ് പറയാമെന്ന് സംവിധായകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ബൈജു കൊട്ടാരക്കര പരസ്യമായി തന്നെ മാപ്പ് പറയണമെന്നാണ് ഇപ്പോൾ ഹൈക്കോടതി സംവിധാകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിചാരണ കോടതി ജഡ്ജിക്ക് കഴിവില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയിൽ നിന്നും സ്വമേധയാ ഒഴിഞ്ഞ് പോകണമെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിൽ വെച്ച് കോടതിക്കെതിരെ സംവിധായകൻ നടത്തിയ വിവാദ പരാമർശം. തുടർന്നായിരുന്നു ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. വിചാരണക്കോടതി ജഡ്ജിയേയും നീതി നിർവ്വഹണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് സംവിധായകന്റെ പരാമർശമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബർ 10 ന് കേസ് പരിഗണിക്കവെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ബൈജു കൊട്ടാരക്കര ഹാജരായിരുന്നു. കോടതി അലക്ഷ്യമൊന്നും താൻ കാണിച്ചിട്ടില്ലെന്നായിരുന്നു അന്ന് ബൈജു കോടതിയെ അറിയിച്ചത്. വിചാരണയിൽ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. തന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

സംഭവത്തിൽ നീരുപാധികം മാപ്പ് പറയാമെന്നും സംവിധായകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരസ്യമായി തന്നെ മാപ്പ് പറയണമെന്നാണ് ഇന്ന് കേസ് പരിഗണിക്കവെ ബൈജു കൊട്ടാരക്കരയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഇന്ന് വീണ്ടും ബൈജു കൊട്ടാരക്കര കോടതിയിൽ ഹാജരായിരുന്നു.

കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്നത് എന്തിനെന്ന് ഇന്ന് ഹൈക്കോടതി സംവിധായകനോട് ചോദിച്ചു. കോടതിയോടുള്ള പൊതുജനത്തിന്റെ വിശ്വാസം നഷ്ടമാക്കാനാണോ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും പൊതുജനത്തിന്റെ വിശ്വാസത്തിന്റെ കരുത്തിലാണ് കോടതികൾ നിലനിന്ന് പോകുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

ജനശ്രദ്ധ നേടാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ വിളിച്ച് പറയരുതെന്ന താക്കീതും ഹൈക്കോടതി സംവിധായകന് നൽകി. പരസ്യമായി തന്നെ ബൈജു മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്നാണ് ബൈജുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ടുള്ള അതിജീവിതയുടെ ഹർജി അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. വിചാരണ കോടതി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു അവരുടെ ആക്ഷേപം. എന്നാൽ കോടതി മാറ്റം അനുവദിച്ചാൽ അത് തെറ്റായ കീഴ്വഴക്കത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു.












Click it and Unblock the Notifications