വധഗൂഢാലോചന കേസ്; മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വാർത്ത നൽകരുതെന്ന് ഹൈക്കോടതി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വാർത്ത നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ സഹോദരി ഭർത്താവും കേസിലെ പ്രതിയുമായ സുരാജിനെതിരെയുള്ള വാർത്തകൾ നൽകുന്നതിനാണ് വിലക്ക്.
രഹസ്യവിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് ആരോപിച്ച് സുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും സുരാജ് ഹർജിയിൽ പറഞ്ഞിരുന്നു.

നേരത്തേ കേസിനെ കുറിച്ച് സുരാജ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകന്‍ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവും ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സുഹൃത്ത് ശരതുമായി സുരാജ് സംസാരിക്കുന്ന ഓഡിയോയുമായിരുന്നു പുറത്ത് വന്നത്. പിന്നാലെയായിരുന്നു 'മാധ്യമ വിചാരണ' തടയണമെന്ന് ആവശ്യപ്പെട്ട് സുരാജ് ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കുന്നതിന് ദീലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്.












Click it and Unblock the Notifications