ദിലീപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി; ബാലചന്ദ്രകുമാറിന്റെ ആവശ്യം അംഗീകരിച്ച് കോടതി
നിലവിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാർ.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ നടി കേസിൽ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി.

ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാർ
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാർ നിലവിൽ വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയിൽ പ്രവേശിക്കുന്നതും. നിലവിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാർ.

പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ
ഈ സാഹചര്യത്തിൽ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ട് എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേൽക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കടുത്ത എതിർപ്പായിരുന്നു ദിലീപ് ഉയർത്തിയത്
എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു ദിലീപ് ഉയർത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാർ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ അഭിമുഖം നൽകുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു.

ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴി
എന്നാൽ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുകയെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. നാല് ദിവസമായിരിക്കും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കുക.

പ്രോസിക്യൂഷന് തിരിച്ചടിയാകുമോ
അതേസമയം വീഡിയോ കോൺഫറൻസ് വഴിയുള്ള വിസ്താരം കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന വിചാരണ നടപടികളിലെ വെല്ലുവിളികൾ ഒരു വിഭാഗം നിയമവിദഗ്ദാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരം വെർച്വൽ രീതിയിലാകുമ്പോൾ പ്രതിഭാഗത്തിന് മാത്രമല്ല അത് പ്രോസിക്യൂഷനെ സംബന്ധിച്ചും തിരിച്ചടിയായേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കോടതി ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ
ക്രോസ് വിസ്താരത്തിന് തകരാറുണ്ടാകാതിരിക്കാൻ കുറ്റമറ്റ രീതിയിലുള്ള സംവിധാനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നാണ് ദിലീപിനെ പിന്തുണയ്ക്കുന്നവരുടെ വാദം. കോടതി ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ക്രോസ് വിസ്താര വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി ബാലചന്ദ്രകുമാറിന് മൊഴി പറഞ്ഞ് കൊടുക്കാൻ സാധിക്കുമെന്നും ദിലീപിനെ അനുകൂലിക്കുന്ന രാഹുൽ ഈശ്വറിനെ പോലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ്
അതിനാൽ കോടതിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും കോഡിനേറ്റർമാരെ നിയമിക്കേണ്ട അനിവാര്യതയും രാഹുൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം ഇത്തരത്തിലുള്ള കാര്യങ്ങൾ കോടതി പരിശോധിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നാണ് മുതിർന്ന അഭിഭാഷകരിലൊരാളായ പ്രിയദർശൻ തമ്പി അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications