
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി, ദിലീപിന് ജാമ്യത്തിൽ തന്നെ തുടരാം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന് ജാമ്യത്തില്‍ തുടരാം. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി വിചാരണ കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന് ദിലീപിനെതിരെ നീങ്ങിയത്. ദിലീപിനെതിരെ വധഗൂഢാലോചന കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ചില ഓഡിയോകള്‍ അടക്കം ബാലചന്ദ്ര കുമാര്‍ തെളിവായി പോലീസിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നു എന്ന് സൂചിപ്പിക്കുന്ന ഓഡിയോകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിലാണ് ഏപ്രിലില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചത്.
ഗണേഷ് കുമാറിനെ എയറിലാക്കി ഇടവേള ബാബു; 'ബിനീഷ് കൊടിയേരിക്കെതിരെ നടപടി വേണ്ടെന്നായിരുന്നില്ലേ'
കഴിഞ്ഞ വര്‍ഷവും ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. 2017ലാണ് ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. 85 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടപെടലുകള്‍ നടത്തി എന്നാണ് പ്രോസിക്യൂഷന് വാദം.
ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും തെളിവുകള്‍ മായ്ച്ച് കളഞ്ഞുവെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് എന്നാണ് പ്രോസിക്യൂഷന് വാദം. ബാലചന്ദ്ര കുമാര്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പുകള്‍ ഏത് തിയ്യതിയിലാണ് എന്ന് കൃത്യമായി പറയാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഓഡിയോ റെക്കോര്‍ഡ് ചെയ്ത തിയ്യതി പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പ്രോസിക്യൂഷന് വാദങ്ങള്‍ കെട്ടിച്ചമച്ച കഥയാണെന്നാണ് ദിലീപിന്റെ അഭിഭാഷകന് ബി രാമന്പിളള വാദിച്ചത്. കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ചിനുളള സമയ പരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാവുകയാണ്.
ആരാധകരുടെ അനു ഇമ്മാനുവൽ ഇതാ സാരി ലുക്കിൽ; ഗ്ലാമറസ് ആന്റ് ഹോട്ട്; പുതിയ വൈറൽ ചിത്രങ്ങൾ