'ദിലീപ് സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുത്തു; പണമുണ്ടെന്ന് കരുതി ഇങ്ങനെ ചെലവാക്കണോ?'
'ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ കൂടുതൽ ഉള്ളത്.ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, അനൂപ് എന്നിവരാണ് ഇതിൽ ഏറ്റവും പ്രധാന സാക്ഷികളായി വരുന്നത്'

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വൈകാൻ കാരണക്കാരൻ കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്നെയാണെന്ന് അതിജീവിതയുടെ അഭിഭാഷകയായിരുന്നു അഡ്വ ടിബി മിനി. വിചാരണ വേഗത്തിൽ നടക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മേൽ കോടതിയിലേക്ക് പോകുമ്പോൾ സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ദിലീപ് ചെയ്തതെന്നും മിനി വിമർശിച്ചു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം. വായിക്കാം

അതിന് കാരണക്കാൻ ദിലീപ് തന്നെ
നടി ആക്രമിക്കപ്പെട്ട കേസ് നീണ്ട് പോകാൻ കാരണം എട്ടാംപ്രതി തന്നെയാണ്. ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഒരുപാട് ഹർജികളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാർഡുമായി ബന്ധപ്പെട്ടതും വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും എല്ലാം ഇതിൽ ഉണ്ട്. വിചാരണ വേഗത്തിൽ നടക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മേൽ കോടതിയിലേക്ക് പോകുമ്പോൾ സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ചെയ്യുന്നത്.

ദിലീപ് ഹർജി നൽകിയതോടെ
വിചാരണ കോടതിയിൽ പരിഹരിക്കേണ്ട വിഷയം സുപ്രീം കോടതിയിൽ പോയി വീണ്ടും വൈകിപ്പിക്കുകയാണ് എട്ടാം പ്രതി ചെയ്തത്. സുപ്രീം കോടതിയിലും ഹൈക്കോതിയിലും ദിലീപ് ഹർജി നൽകിയതോടെ വിചാരണ കോടതിയിൽ നടക്കേണ്ട വിചാരണ വൈകാൻ കാരണമായെന്ന് മനസിലാക്കാൻ സാധിക്കും. ആദ്യത്തെ അന്വേഷണവുമായി ബന്ധപ്പെട്ട കുറ്റചാർജ്ജിൽ 366 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് പുനരന്വേഷണത്തിൽ 117 സാക്ഷികളെയാണ് ലിസ്റ്റ് ചെയ്തത്.

ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ കൂടുതൽ
അതിൽ തന്നെ 20സാക്ഷികളെയാണ് വിചാരണ ചെയ്യാൻ ലിസ്റ്റ് ചെയ്തത്. ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ കൂടുതൽ ഉള്ളത്. ആ തെളിവുകൾ തെളിയിക്കുന്നതിനായിട്ടുള്ള സാക്ഷികളാണ് 20 പേർ. അതിന് ശേഷം 41 സാക്ഷികളെ അഡീഷ്ണൽ ആയി ഉൾപ്പെടുത്തി. സെക്കന്റ് ലിസ്റ്റിൽ ഏറ്റവും നിർണായകമായവരെയാണ് ഉൾപ്പെടുത്തിയത്. അല്ലാത്ത ഒരാളെ പോലും ലിസ്റ്റ് ചെയ്തിട്ടില്ല. 366 സാക്ഷികളിൽ ദിലീപുമായി ബന്ധമുള്ളവർ വന്ന് കഴിഞ്ഞാൽ അത് കേസിനെ ദോഷകരമായി ബാധിക്കുന്ന വിഷയം കൂടിയാണ്. 366 ൽ കുറെ പേരെ വിസ്തരിച്ചിട്ടുണ്ട്.

പ്രതിക്ക് അനുകൂലമായി വരുന്ന കോൺട്രഡിക്ഷൻസ്
അത്രയും സാക്ഷികളെ വിസ്തരിക്കുമ്പോൾ പ്രതിക്ക് അനുകൂലമായി വരുന്ന കോൺട്രഡിക്ഷൻസ് ഉണ്ടാകുമെന്ന് ഞാൻ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ അന്വേഷണത്തിൽ 117പേരെ അന്വേഷണ ഉദ്യോഗസ്ഥരാണ് ലിസ്റ്റ് ചെയ്തത്. അതിൽ ആദ്യം ഇരുപതും പിന്നെ 41 ഉം നമ്മൾ കൊടുത്തിട്ടുണ്ട്. ഈ 41 പേരിൽ ചിലർ മഹസർ സാക്ഷികളാണ്.

ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, അനൂപ്
ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, അനൂപ് എന്നിവരാണ് ഇതിൽ ഏറ്റവും പ്രധാന സാക്ഷികളായി വരുന്നത്. അതിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വിസ്തരിക്കുന്നതിനെതിരെ ഒരു ആവശ്യവുമില്ലാതെയാണ് ദിലീപ് സുപ്രീം കോടതി വരെ പോയത്. കാരണം അതിൽ ഒരിക്കലും കോടതി ഇടപെടില്ലെന്ന് നിയമം പഠിച്ച മിനിമം യോഗ്യതയുളള ആളുകൾക്ക് മനസിലാകുന്നതാണ്.

മഞ്ജു കോടതിയിൽ വന്നത്
ഒരു പ്രോസിക്യൂഷൻ കൊടുത്ത സാക്ഷി പട്ടികയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങൾ തെളിയിക്കേണ്ട സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ പാടില്ലെന്ന് പറഞ്ഞ് പ്രതികളായിട്ടുള്ള ആര് കോടതിയിൽ പോയാലും അത് അനുവദിക്കില്ലെന്ന് കോടതിക്കും പ്രതിഭാഗത്തിനും അറിയാം. പണമുണ്ടെന്ന് കരുതി ഇങ്ങനെ ചെലവഴിക്കേണ്ട കാര്യമുണ്ടോ? മഞ്ജു കോടതിയിൽ വന്നത് ചില ഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുന്നതിനാണ്.ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും നല്ല സാക്ഷി മഞ്ഞ്ജുവാണ്. ഇവർ പറഞ്ഞത് മിമിക്രി ആണല്ലോ, അത് തിരിച്ചറിയാനാണ് അവർ എത്തിയത്', അഡ്വ മിനി പറഞ്ഞു.












Click it and Unblock the Notifications