ദിലീപ് കുറ്റക്കാരനോ? ചാറ്റ് ജിടിപി പറയുന്നത് ഇങ്ങനെ; പുകമറ സൃഷ്ടിക്കലാണ് നടക്കുന്നത്: രാഹുല്‍ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോർന്നിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ഉറപ്പായും അന്വേഷണം വേണമെന്ന് രാഹുല്‍ ഈശ്വർ. അതിജീവിത നമ്മുടെ സഹോദരിയാണ്. ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും രീതിയിലും ചോർന്ന് പോയേക്കാമെന്ന ആശങ്ക അതിജീവിതയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് ജനുവിനാണ്. അത് അവർക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള അവകാശവുമുണ്ടെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
എന്നാല്‍ സർക്കാറിന് അത്തരമൊരു വാദമില്ല. അതിജീവിത അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന നിലപാടാണ് സർക്കാർ എടുക്കുന്നത്. ഇവിടെ ദിലീപ് വാദിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ തന്റെ കേസിനെ പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതോ? ജഡ്ജിയെ മാറ്റാന്‍ വേണ്ടിയുള്ളതോ ആണെന്നാണ് ദിലീപിന്റെ വാദമെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

ദിലീപ് എന്ന് പറയുന്നത് കുറ്റാരോപിതന്‍ പറയുന്നത്. ചാറ്റ് ജിടിപി തന്നെ ഈ വിഷയത്തില്‍ പറയുന്നത് ദിലിപ് ആരോപിതനാണെന്ന് മാത്രമാണെന്നാണ്. ചാറ്റ് ജിടിപി കാണിക്കുന്ന മിതത്വം മനുഷ്യരായ നമ്മള്‍ കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പറയുന്നു. നേരത്തെ ചർച്ചയില്‍ പങ്കെടുത്ത പ്രകാശ് ബാരെ തെളിവുകള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് ചാറ്റ് ജിടിപി എന്ത് പറയുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ മറുപടി.
ഈ കേസില്‍ ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. കോടതിയെ പോലും സമ്മർദ്ദത്തിലാക്കുന്ന ഒരു നിലപാടാണ് ഇവിടെ സ്വീകരിക്കുന്നത്. ലോകത്ത് എല്ലായിടത്തും നടക്കുന്ന കാര്യമാണിത്. ഈ കേസ് ഒരു പാഠപുസ്തമായി മാറുമെന്നതില്‍ സംശയമില്ല.
ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കാന്‍ പുതിയ മാർഗ്ഗ നിർദേശങ്ങള്‍ കൊണ്ടു വരുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോർന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് എഫ്എസ്എല്‍ റിപ്പോർട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരെ മറിച്ച് ഫയലിന്റെ പേര് മാറ്റിയാല്‍ തന്നെ വോളിയം ഹാഷ് മാറും. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ ചോർന്നില്ലെന്നാണ് തന്റെ വാദമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഇത്തരം വാദങ്ങളിലൂടെ ഏതെങ്കിലും തരത്തിലുള്ള പുകമറ സൃഷ്ടിച്ച് കേസിലെ വിധി പറയുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയെന്ന വാദമാണ് ദിലീപിനുള്ളത്. അതുപോലെ തന്നെ ജുഡീഷ്യറി സംശയത്തിന്റെ നിഴലിലാണെന്ന് വരുത്തി തീർക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ദൌർഭാഗ്യകരമാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.
അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടുവെന്നുള്ളത് വ്യക്തമായ കാര്യമാണെന്നായിരുന്നു പ്രകാശ് ബാരെയുടെ മറുപടി. ഒരു ലോക്കറിന് അകത്ത് ഭദ്രമായി ഇരിക്കേണ്ട സാധനമാണ് മൂന്ന് തവണ അതിന് അകത്ത് നിന്നും പുറത്തേക്ക് വന്നതെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്, ആർക്ക് വേണ്ടി ഇത് പുറത്തെടുത്തു, അത് ആരിലേക്കെല്ലാം എത്തിയെന്നുള്ളതൊന്നും നമുക്ക് അറിയില്ല. ദിലീപാണ് ഈ കുറ്റം ചെയ്തതെന്ന് ഇവിടെ ആരും ഉറപ്പിച്ച് പറയുന്നില്ല. അദ്ദേഹം പ്രതിയാണ്, കുറ്റാരോപിതനാണ് എന്ന് മാത്രമാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. നേരെ മറിച്ച് രാഹുല്‍ ഈശ്വർ പറയുന്നത് അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നാണെന്നും പ്രകാശ് ബാരെ പറയുന്നു.












Click it and Unblock the Notifications