'ലക്ഷങ്ങൾ വാരിയെറിഞ്ഞു, പിആറും; നടി കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം'; സംവിധായകൻ
'ലക്ഷങ്ങൾ വാരിയെറിഞ്ഞു, പിആറും; നടി കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം'; സംവിധായകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര.കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ആണെന്ന് പറയാതിരിക്കാൻ ആവില്ല. ഈ കേസിന്റെ പോക്ക് ഇനി എങ്ങോട്ടെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഈ കേസിൽ എന്തൊക്കെയാണ് നടക്കുന്നതെല്ലാം ജനങ്ങൾക്ക് അറിയാമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ന്യൂസ്ഗ്ലോബ് ടിവിയിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. വായിക്കാം

'സുപ്രീം കോടതിയിൽ അതിജീവിത ഹർജി നൽകിയിരുന്നു. അതിൽ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവിന് പ്രതിയുമായി ബന്ധമുണ്ടെന്നാണ്. അത് പോലെ തന്നെ എഫ് എസ് എൽ ലാബിൽ നിന്നും വന്ന റിപ്പോർട്ട് രണ്ട് വർഷത്തോളം കൈയ്യിലുണ്ടായിട്ടും പുറത്തുപറഞ്ഞില്ല, അത് അന്വേഷിക്കാൻ പോലീസിന് അനുമതി നൽകിയിട്ടില്ല, അവസാനം ഹൈക്കോടതി അനുമതി നൽകിയപ്പോൾ അത് അന്വേഷിച്ച് പോയ പോലീസ് ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് ഉണ്ടായത്, അതുകൊണ്ട് വിചാരണ കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല, കോടതി മാറ്റണം എന്നൊക്കെയായിരുന്നു അതിജീവിതയുടെ ഹർജിയിലെ ആവശ്യം.

എന്നാൽ ഹർജി സുപ്രീം കോടതി ഹർജി തള്ളുകയാണ് ഉണ്ടായത്. സുപ്രീം കോടതി ചോദിച്ചത് ജഡ്ജിയെ എന്തിനാണ് സമ്മർദ്ദത്തിലാക്കുന്നതെന്നാണ്. ജഡ്ജിയുടെ ഭർത്താവിന് പ്രതിയുമായി ബന്ധമുണ്ടെങ്കിൽ അത് എങ്ങനെ ജഡ്ജിയെ സ്വാധീനിക്കലാവും എന്നാണ്. ഹൈക്കോടതി ഈ വാദങ്ങൾ ചർച്ച ചെയ്തതാണെന്നും അതിനാൽ വീണ്ടും അതിലേക്ക് കടക്കാൻ ആഗ്രഹമില്ല, എന്നിങ്ങനെ തുടങ്ങി പല കാര്യങ്ങളും സുപ്രീം കോടതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയ കാലം മുതൽ വിവാദങ്ങളുടെ കൊടുമുടിയിലായിരുന്നു. കേസിൽ ദിലീപ് പ്രതിയായത് മുതൽ കേസിന്റെ ഗതി മറ്റൊരു തലത്തിലേക്ക് പോകുകയായിരുന്നു. ആദ്യം റാം കുമാർ എന്ന അഭിഭാഷകനായിരുന്നു ദിലീപിന് വേണ്ടി കോടതിയിൽ ഹാജരായത്. എന്നാൽ ജാമ്യം ലഭിക്കാതയതോടെ രാമൻപിള്ളയെന്ന അഭിഭാഷകന് വക്കാലത്ത് നൽകി. തുടർന്ന് ദിലീപിന് ജാമ്യം കിട്ടി.

സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കമുള്ള കർശന ജാമ്യ വ്യനസ്ഥകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. പക്ഷേ അതിനെല്ലാം വിപരീതമായി 20 ഓളം സാക്ഷികൾ ഈ കേസിൽ നിന്നും കൂറുമാറി. കൂറുമാറിയ സാക്ഷികളിൽ ഒരാളായ സാഗറിനെ രാമൻപിള്ളയ്ക്കൊപ്പം ഉള്ള ഒരു അഭിഭാഷകൻ വിളിച്ചതും 5 ലക്ഷം രൂപ അയാൾ വാങ്ങിയതായും അഞ്ച് ലക്ഷം രൂപ കൂടുതൽ ആവശ്യപ്പെട്ടപ്പോൾ വാക്ക് തർക്കം ആയതും ഉൾപ്പെടെയുള്ള വീഡിയോകൾ എല്ലാം പോലീസിന്റെ പക്കൽ ഉണ്ട്.

ഒരു സാക്ഷിയെ സ്വാധീനിച്ചുവെന്ന് വളരെ വ്യക്തമായി സാക്ഷി തന്നെ മൊഴി നൽകിയിട്ടുണ്ട്. ലക്ഷങ്ങൾ വാരിയെറിഞ്ഞ് സാക്ഷികളെ കൂറുമാറ്റിയെന്നാണ് പൊതുവേയുള്ള സംസാരം. അതിന് ശേഷമാണ് ഫോണിലെ വിവരങ്ങൾ കളഞ്ഞത്. വിവരങ്ങൾ ഡിലീറ്റ് ചെയ്തത് അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണെന്നും അത് ചെയ്ത് കൊടുത്തയാൾ ക്രൈംബ്രാഞ്ചിൻറെ മാപ്പ് സാക്ഷി ആകുകയും ചെയ്തിട്ടുണ്ട്.

കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം പിന്നീട് പുറത്തുവന്നു. അതൊക്കെ അതീവ ഗുരുതരമായ കുറ്റങ്ങൾ ആണെന്ന് പറയാതിരിക്കാൻ ആവില്ല. ഈ കേസിന്റെ പോക്ക് ഇനി എങ്ങോട്ടെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഈ കേസിൽ എന്തൊക്കെയാണ് നടക്കുന്നതെല്ലാം ജനങ്ങൾക്ക് അറിയാം.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പണത്തിന്റേയും പിആർ വർക്കിന്റേയും പിറകേ പോയി മറിച്ച് ചിന്തിക്കുന്ന ഒരു വിഭാഗം ഉണ്ടാകും. കേസിൽ വിചാരണ തുടങ്ങിയിരിക്കുകയാണ്. സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ വിധി അതിജീവിതയും അവർക്കൊപ്പമുള്ളവരും അംഗീകരിക്കണം, കാരണം നീതിന്യായ വ്യവസ്ഥയെ നമ്മൾ മാനിക്കുക തന്നെ വേണം'.












Click it and Unblock the Notifications