'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന വ്യക്തിയാണ് തിയേറ്റർ ഉടമയും നിർമ്മാതാവുമായ ലിബർട്ടി ബഷീർ. ചാനല്‍ ചർച്ചകളിലൂടേയും മറ്റും അദ്ദേഹം നിരവധി തവണ ദിലീപിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ അദ്ദേഹവും ദിലീപും ഒരുമിച്ചുള്ള ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വരികയും ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ലിബർട്ടി ബഷീറും ഒടുവില്‍ ദിലീപ് പക്ഷത്തേക്ക് എന്നായിരുന്നു പ്രധാന പ്രചരണം. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയാണ് ബൈജു കൊട്ടാരക്കര. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ അദ്ദേഹം നടത്തുന്ന പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയ്ക്കൊപ്പം ആദ്യം മുതല്‍ തന്നെ നില്‍ക്കുന്ന ആളാണ് ഞാനെന്ന കാര്യം എല്ലാവർക്കും അറിയാവുന്നത്. അങ്ങനെയുള്ളപ്പോള്‍ തന്നെ എനിക്ക് ദിലീപിനോട് യാതൊരു വ്യക്തിവൈരാഗ്യം അന്നും ഇന്നുമില്ലെന്ന് എത്രയോ തവണ പറഞ്ഞ കാര്യമാണ്. ഇപ്പോള്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോവുന്നത് ലിബർട്ടി ബഷീറിനാണ്.

ദിലീപിനെ വെച്ച് സിനിമയെടുത്ത ആളാണ് ലിബർട്ടി ബഷീർ. അദ്ദേഹത്തിന് ദിലീപുമായി നല്ല പരിചയമുണ്ട്. അദ്ദേഹവും പറയുന്നത് ദിലീപുമായി എനിക്ക് വ്യക്തിപരമായ യാതൊരു പ്രശ്നവും ഇല്ലെന്നാണ്. അയാള്‍ ചെയ്ത പ്രവർത്തികളോടാണ് എനിക്ക് എതിർപ്പുള്ളതെന്നും വളരെ വ്യക്തമായ രീതിയില്‍ ലിബർട്ടി ബഷീർ പറയുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ ഏതോ ഒരു കല്യാണത്തിന് പോയപ്പോള്‍ ലിബർട്ടി ബഷീർ ദിലീപിനെ കണ്ടു. പഴയ സഹപ്രവർത്തകർ എന്ന നിലയില്‍ ദിലീപിന് കൈ കൊടുക്കുന്നു. ദിലീപിന് എപ്പോള്‍ കൈ കൊടുത്തോ അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചില കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്നുണ്ട്. ലിബർട്ടി ബഷീർ പോലും ദിലീപിന് കൈ കൊടുത്തു. അവർ ഒന്നിച്ച് ചേർന്നിരിക്കുന്നു എന്നാണ് പ്രചരണം.
vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

എന്നാല്‍ ഈ വിഷയത്തിലുള്ള ലിബർട്ടി ബഷീറിന്റെ പ്രതികരണവും തന്റെ യൂട്യൂബ് ചാനലിലൂടെ ബൈജു കൊട്ടാരക്കര പുറത്ത് വിടുന്നു. ലിബർട്ടി ബഷീറിന്റെ പ്രതികരണം ഇങ്ങനെ.. '' തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. ദിലീപിനെ പലസ്ഥലത്ത് വെച്ച് കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു എതിർപ്പും ഇല്ല'-എന്നും ലിബർട്ടി ബഷീർ പറയുന്നു.

ആശയപരമായി ദിലീപുമായി എതിർപ്പുണ്ട്. ആ കേസ് കഴിയുന്നത് വരെ ആ കുട്ടിയോടൊപ്പം തന്നെയായിരിക്കും ഞാന്‍. അല്ലാതെ കൈ കൊടുത്തു എന്നുള്ളതിന് വേറെ അർത്ഥങ്ങളില്ല. മുഖത്തോട് മുഖം കണ്ടാല്‍ കൈ കൊടുക്കാതിരിക്കാന്‍ പറ്റില്ലാലോ. എന്റെ രണ്ട് പടത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേക്കാലും ഒരുമിച്ച് നടന്നവരാണ്. പത്രക്കാരൊക്കെ ഇതിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കുന്നു.

ഇതുപോലെ തന്നെയാണ് സംവിധായകന്‍ വിനയന്റെ കല്യാണത്തിന്റെ അന്നും സംഭവിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഞാനൊപ്പമുള്ള സമയത്താണ് വിനയന്‍ ദിലീപിനെ വിളിക്കുന്നത്. കൃത്യസമയത്ത് തന്നെ അദ്ദേഹം വരികയും ചെയ്തു. വിനയന്‍ പറഞ്ഞത് അനുസരിച്ച് വരുന്ന സിനിമാക്കാരെയൊക്കെ സ്വീകരിക്കാന്‍ ഞാനായിരുന്നു നിന്നത്.

അങ്ങനെ ദിലീപ് വന്നു. എനിക്കും വർഷങ്ങളായി ദിലീപിനെ അറിയാം. ദിലീപ് വന്നപ്പോള്‍ സ്വാഭാവികമായി ഞാനും കൈ കൊടുത്തു. അദ്ദേഹത്തെ വേദിയിലേക്ക് വിളിച്ചുകൊണ്ടുപോയി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയൊക്കെ പിന്നീട് പുറത്തിറങ്ങുകയും ചെയ്തു. അതൊക്കെ ഒരുപാട് ട്രോള്‍ ചെയ്തു. ഈ തോളില്‍ കയ്യിട്ട് നടക്കുന്നവനാണോ ദിലീപേട്ടനെതിരെ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നായിരുന്നു ചോദ്യമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

വീണ്ടും ഞാന്‍ വ്യക്തമാക്കുകയാണ്, വ്യക്തിപരമായി ആരോടും എനിക്ക് ഒരു വൈരാഗ്യവുമില്ല. അവരവർ ചെയ്യുന്ന പ്രവർത്തികള്‍ കുഴപ്പം പിടിച്ചതാണെന്ന് കണ്ടതുകൊണ്ട് തന്നെയാണ് അതിനെതിരെ നീങ്ങുന്നത്. അതിനി എത്ര വലിയ സുഹൃത്താണെങ്കിലും കുഴപ്പങ്ങള്‍ കണ്ടാല്‍ വിളിച്ച് പറയും. പ്രത്യേകിച്ച് സിനിമയിലെ ചോറുണ്ട എന്ന നിലയില്‍.

സിനിമ രംഗത്തേയും സംഘടനകളിലേയും പലകാര്യങ്ങളും പുറത്ത് കൊണ്ടുവന്നിട്ടുള്ള ഒരാളാണ് ഞാന്‍. പലരും പലതും മൂടിവെക്കാന്‍ ശ്രമിച്ചിട്ടും ഇത് ജനങ്ങള്‍ അറിയണമെന്ന നിലപാട് സ്വീകരിച്ചവനാണ് ഞാന്‍. സിനിമാ വ്യവസായത്തില്‍ നേരോടെ പ്രവർത്തിക്കാന്‍ വരും തലമുറയ്ക്കും കഴിയണം എന്നുള്ള ചിന്തയുണ്ട് എന്നുകൂടെ കരുതാം. അല്ലാതെ ഇതൊക്കെ മൂടിവെച്ചുകൊണ്ട് മുന്നോട്ട് പോവണം എന്ന അഭിപ്രായം ആത്മാർത്ഥമായി കലയെ സ്നേഹിക്കുന്നവർക്ക് ഉണ്ടാവില്ലെന്ന് ഞാന്‍ കരുതുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications