പണി ചോദിച്ച് വാങ്ങി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ വീണ്ടും ജയിലിലേക്ക്? ജാമ്യം റദ്ദാക്കാൻ പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കടുത്ത ഉപാധികളോടെയാണ് 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം എറണാകുളത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തോടെ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കപ്പെടാനാണ് സാധ്യത.
പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. സുനിക്കെതിരെ കുറുപ്പുംപടി പോലീസ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പോലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടല്‍ അതിക്രമ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനാലാണ് പള്‍സര്‍ സുനിക്ക് ഹാജരാകാന്‍ സാധിക്കാത്തത് എന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ജാമ്യത്തില്‍ ഉള്ള പള്‍സര്‍ സുനി മറ്റൊരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നുളള വിവരം പ്രോസിക്യൂഷനും കോടതിയില്‍ അവതരിപ്പിക്കും. ജാമ്യവ്യവസ്ഥ പ്രതി ലംഘിച്ച സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന് ഏഴര വര്‍ഷത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം വിചാരണ കോടതിയാണ് ജാമ്യവ്യവസ്ഥകള്‍ നിശ്ചയിച്ചത്. സുനിക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല.
രണ്ട് ആള്‍ജാമ്യത്തിലാണ് സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും ചെയ്തു. സാക്ഷികളോടോ കേസിലെ മറ്റ് പ്രതികളോടോ സംസാരിക്കരുത്, അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പര്‍ കോടതിയെ അറിയിക്കണം എന്നിങ്ങനെയാണ് പള്‍സര്‍ സുനിയുടെ ജാമ്യ വ്യവസ്ഥകള്‍.
ജാമ്യത്തിലിരിക്കെ രായമംഗലത്തുളള ഹോട്ടലിലാണ് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാന്‍ വൈകി എന്നാരോപിച്ച് പള്‍സര്‍ സുനി അക്രമം നടത്തിയത്. ഹോട്ടല്‍ ജീവനക്കാരെ പള്‍സര്‍ സുനി അസഭ്യം പറയുകയും സിസിടിവി ഇല്ലാത്ത ഇടത്ത് വന്നാല്‍ കാണിച്ച് തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. മാത്രമല്ല കുപ്പി ഗ്ലാസ്സുകള്‍ എടുത്തെറിഞ്ഞ് ഹോട്ടലിന് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്ന് കുറുപ്പുംപടി പോലീസ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications