'മഞ്ജുവിന് തന്നോട് വിരോധം, വീണ്ടും വിസ്തരിക്കരുത്..വാദങ്ങളെല്ലാം വ്യാജം'; ദിലീപ് സുപ്രീം കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തൻെറെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരെ വിസ്കരിക്കുന്നതിനെതിരെ ദിലീപ്. മഞ്ജുവിനെ വിസ്തരിക്കരുത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് വ്യക്തമാക്കി.

സുപ്രീം കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു
നടി കേസിൽ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരേയും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും കാണിച്ച് സുപ്രീം കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സുപ്രീം കോടതിവിചാരണ നീണ്ട് പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല വിശദമായ വാദം എഴുതി നൽകാൻ ദിലീപിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശദമായ സത്യവാങ് മൂലം ദിലീപ് കോടതിയിൽ സമർപ്പിച്ചത്.

മഞ്ജു വാര്യരെ വിസ്തരിക്കേണ്ടത്
കേസിലെ പ്രധാന സാക്ഷികളായ മഞ്ജു വാര്യർ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കൾ, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന് കാണിച്ചായിരുന്നു നേരത്തേ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്സ് ക്ലിപ്പിലെ ശബ്ദരേഖകൾ തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വിസ്തരിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

മഞ്ജുവിന്റെ മൊഴി പ്രധാനം
ശബ്ഗരേഖരയിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദമാണ് മഞ്ജു തിരിച്ചറിയേണ്ടത്. ശബ്ഗരേഖയിലെ ശബ്ദം തിരിച്ചറിയുന്നതിൽ മഞ്ജുവിന്റെ മൊഴിക്ക് പ്രാധാന്യമുണ്ടെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. ആദ്യ ഘട്ടത്തിൽ മഞ്ജുവിനെ വിസ്തരിച്ചിരുന്നു. അന്ന് അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നിരുന്നു.

കാവ്യയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത്
അതേസമയം കാവ്യമാധവൻ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് കാവ്യയുടെ അമ്മ ശ്യാമളെ വിസ്തരിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നൽകിയ അപേക്ഷയൽ ചൂണ്ടിക്കാട്ടിയത്. ഫെഡറൽ ബാങ്കിൽ കാവ്യയുടെ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ്
ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖകളിലെ കാര്യങ്ങളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചോ എന്നതുമാണ് ദിലീപിന്റെ സഹോദരൻ അനൂപിൽ നിന്ന് അറിയേണ്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കരുതെന്നാണ് കോടതിയിൽ സമർപ്പിച്ച വിശദമായ സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നത്. മഞ്ജു അടക്കമുള്ള വിസ്കരിക്കണമെന്ന് പറയുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നത്.

നടി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാൻ
തെളിവുകൾ ഇല്ലാതത്തിനാണ് പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ നീക്കമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മഞ്ജു വാര്യർക്ക് തന്നോട് വിരോധമാണ്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വിചാരണകോടതിയുടെ പരിഗണനയിൽ ആണെന്നും ദിലീപ് പറഞ്ഞു. കാവ്യയുടെ മാതാപിതാക്കളെ വിസ്തരിക്കുന്നതിന്റെ ലക്ഷ്യം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും ദിലീപ് പറയുന്നു.

സുപ്രീം കോടതിയുടെ നിലപാട് നിർണായകം
കേസ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും അതിജീവിതിയുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. ദിലീപിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച വിശദമായി സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാട് എടുത്താലും അത് നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് നിർണായകമാകുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications