ക്രൈം ബ്രാഞ്ചിനെ പൂട്ടാനോ പുതിയ നീക്കം: കോടതി അന്വേഷണം ആവശ്യപ്പെട്ട് പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം. അതിനിടെ മറുവശത്ത് അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗവും ഒരുവിഭാഗം അഭിഭാഷകരും നീക്കം ശക്തമാക്കുന്നുണ്ട്.
കേസില്‍ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോർന്നതാണ് അഭിഭാഷകരെ പ്രകോപിച്ചത്. ഇതോടെയാണ് സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത് എത്തിയിരിക്കുന്നത്. റണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘത്തിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.

അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ അന്വേഷണ സംഘത്തിന് പങ്കുണ്ടെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടുന്നു. അഡ്വ. വി സേതുനാഥാണ് ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ നല്‍കിയിരിക്കുന്നത്.

സമാനമായ ആവശ്യവുമായി ഹർജിക്കാരന്‍ നേരത്തെ കേരള ബാർ കൗൺസിലിനും പരാതി നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകർ കക്ഷികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഭാഷണങ്ങള്‍ പൊലീസ് ചോർത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഹർജിയില്‍ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതു തടയണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും ഇടപെടലുമായി അതിജീവിതയായ നടി രംഗത്ത് എത്തിയിട്ടുണ്ട്.അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. കേസില്‍ നിയമപരമല്ലാത്ത സഹായങ്ങള്‍ പ്രതിക്ക് ചെയ്ത് നല്‍കിയെന്ന ആരോപിച്ച് നടി നല്‍കിയ പരാതി ബാർ കൌണ്‍സില്‍ സ്വീകരിക്കുകയും അഭിഭാഷകർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പാണ് അതിജിവീത ബാർ കൌണ്‍സിലിന് കൈമാറിയിരിക്കുന്നത്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാനുള്ള ഇടപെടല്‍ നടത്തിയെന്നുമാണ് നടിയുടെ പരാതി. ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, ഫാ. വിക്ടറിന്റെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം എടുത്തു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഇയാള്‍. ദിലീപിന്റെ വീട്ടില് ബാലചന്ദ്രകുമാറിനൊപ്പം പോയിട്ടുണ്ടെങ്കിലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത് ദിലീപുമായി അടുപ്പമുണ്ട്, എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ദിലീപുമായി കൂടിക്കാഴ്ച നടത്തിയതെന്നും വൈദികൻ പറഞ്ഞു. ജാമ്യം ലഭിച്ചശേഷം നടൻ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിന്റെ ഇടപെടലുണ്ടായി. ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുന്നുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ഫോണിൽ വൈദികനുമായുള്ള ചാറ്റുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനായിരുന്നു വിക്ടറിന്റെ മൊഴി അന്വേഷണ സംഘം ശേഖരിച്ചത്.












Click it and Unblock the Notifications