വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ താത്പര്യം കാണിക്കാതെ ക്രൈംബ്രാഞ്ച്;അന്വേഷണം നിലച്ചു?
കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നിലച്ചു. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് കണ്ടുവെന്നായിരുന്നു ഫോറൻസിക് പരിശോധന ഫലം.ഇതോടെ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ കോടതി നിലപാട് അറിയിക്കട്ടെയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

നീണ്ട ദിവസത്തെ നിയമപോരാട്ടതിനൊടുവിലായിരുന്നു ഹൈക്കോടതി ഇടപെട് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഫോറൻസിക് പരിശോധനയ്ക്ക് ഉത്തരവിട്ടത്. തുടർന്നത് തിരുവനന്തപുരം എഫ്എസ്എല്ലിൽ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതായി കണ്ടെത്തിയത്. മൂന്ന് കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കവേയായിരുന്നു മാറ്റം.

ഏറ്റവും അവസാനമായി വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല വിചാരണ കോടതിയിൽ വെച്ച് ഒരു വിവോ ഫോണിലിട്ടാണ് ഈ മെമ്മറി കാർഡ് ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്. 2021 ജൂലൈ 19ന് 12.19നും 12.54നും മധ്യേ ഫോൺ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു.

കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിങ്ങനെ പത്തോളം പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇതിനിടയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു.മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി സമയം നീട്ടി ചോദിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളുകയും അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ കോടതിയെ പ്രതിരോധത്തിലാക്കിയ ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അന്വേഷണം നടത്തണമെന്നും വിചാരണ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ താൻ കണ്ടില്ലെന്ന് വ്യക്തമാക്കിയ കോടതി മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്നും വാക്കാൽ നിർദ്ദേശിച്ചു. എന്നാൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക ഉത്തരവൊന്നും കോടി പുറപ്പെടുവിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ കോടതി ഉത്തരവില്ലാതെ ഇക്കാര്യത്തിൽ ഇനി തുടർ അന്വേഷണം നടത്താൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്ന നിലപാട്. അതേസമയം ഫോറൻസിക് പരിശോധനയിൽ വിവോ ഫോണിലിട്ടാണ് ദൃശ്യങ്ങൾ കണ്ടെത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിൽ ആളെ കണ്ടുപിടിക്കുക പ്രയാസമല്ലെന്നാണ് സൈബർ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ടവർ ലൊക്കേഷൻ, ഐഎംഇഐ നമ്പർ എന്നിവ കേന്ദ്രീകരിച്ചെല്ലാം അന്വേഷണം നടത്താമെന്നിരിക്കെ
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ക്രൈംബ്രാഞ്ചിന്റെ ഈ നിലപാടിനെതിരെ അതിജീവിത ഹൈക്കോടതിയെ വീണ്ടും സമീപിച്ചേക്കും.

കാർഡിനുള്ളിലെ വീഡിയോയുടെ ഹാഷ് വാല്യു മാറിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ലേങ്കിലും മറ്റൊരു ഡിവൈസിന്റെ സഹായത്തോടെ വീഡിയോ കോപ്പി എടുക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ അവ പ്രചരിക്കാൻ കാരണമാകുമെന്നും ഇത് കേസിനേയും അതിജീവിതയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.












Click it and Unblock the Notifications