കാര്യങ്ങള്‍ പൊലീസിന്റെ വഴിക്ക് തന്നെ: സുപ്രധാന തെളിവുകള്‍ കണ്ടെത്തി, ദിലീപിന് കുരുക്കാവുമോ?
കൊച്ചി: അന്വേഷണം നേരിടുന്ന രണ്ട് കേസുകളിലും ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കരുനീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് നിലവില്‍ ഏറ്റവും പുതിയ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തലവനാ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്നും ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷനെന്നും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടർ വ്യക്തമാക്കുന്നു.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് ഉള്‍പ്പടേയുള്ളവർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന് പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനുപൂം സഹോദരി ഭർത്താവ് സൂരാജ് ഉള്‍പ്പടേയുള്ളവരും കേസില്‍ പ്രതികളാണ്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരുന്നെങ്കിലും കോടതി ഉപാധികളോടെ പ്രതികള്‍ക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന് പിന്നാലെ മൂന്ന് ദിവസങ്ങളിലായി ദിലീപിനെ 33 മണിക്കൂർ ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സാഹചര്യത്തില്‍ നിന്നും കേസില്‍ ഏറെ മുന്നോട്ട് പോവാന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്.

2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ സംഭവവുമായി ബന്ധിപ്പിക്കുന്ന ചില തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാമാധവന് അറിയാമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത് ആണെന്ന കണ്ടെത്തല്‍ ഏറെ നിർണ്ണായകമാണ്. നടിയെ ആക്രമിച്ച കേസിൽ ആദ്യഘട്ട മുതൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയാണ് ശരത്ത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലെ വി ഐ പി ഇയാള്‍ തന്നെയാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തതിരുന്നു. പോലീസിന്റെ പല കണ്ടെത്തലുകളും സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളും ദിലീപ് ചോദ്യം ചെയ്യലിനിടെ നിഷേധിച്ചു. തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടക്കുന്നു എന്നും ദിലീപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു












Click it and Unblock the Notifications