ബാലചന്ദ്രകുമാറിനെതിരായ പീഡന കേസ്; വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍
കൊച്ചി: നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന കേസില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എളമക്കര പോലീസ് ആലുവ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 19ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു എങ്കിലും കോടതി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. തുടര്‍ന്നാണ് ഇതുവരെ അന്വേഷണം എവിടെയെത്തി എന്ന് വിശദീകിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടത്. ഇതുപ്രകാരമാണ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

കണ്ണൂര്‍ സ്വദേശിനിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി എളമക്കര പോലീസിന് കൈമാറി. അന്വേഷണത്തിന് വേണ്ടി തിരുവനന്തപുരം ഹൈടെക് സെല്‍ അഡീഷണല്‍ എസ്പി ബിജുമോനെ ചുമതലപ്പെടുത്തി. കേസെടുത്ത് രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, പ്രതി ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് പരസ്യമായി നടക്കുകയും ചെയ്യുന്നു. ഇക്കാര്യമാണ് പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നായിരുന്നു കോടതി ഇടപെടല്‍.
കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് ബാലചന്ദ്രകുമാറിനെതിരായ പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. യുവതി ആരോപിക്കപ്പെടുന്ന സംഭവം പത്ത് വര്‍ഷം മുമ്പാണ്. എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ദിലീപ് കേസില്‍ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളില്‍ നിറയുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേസില്‍ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്ക് അടുത്തിടെ പരാതി നല്‍കിയിരുന്നു. അയാള്‍ ചെയ്ത ക്രൂരതകളാണ് ഞാന്‍ പരാതിയായി പറഞ്ഞത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും യുവതി പറഞ്ഞു. പോലീസും ബാലചന്ദ്ര കുമാറും ഒത്തുകളിക്കുകയാണ്. ചാനലുകളിലുടെയും മറ്റും തന്നെ അപമാനിക്കാനുള്ള നീക്കം നടക്കുന്നു. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും യുവതി പറഞ്ഞിരുന്നു.












Click it and Unblock the Notifications