'വാട്സ് ആപ് ചാറ്റുകൾ..നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ'; ദിലിപീന് കുരുക്ക് മുറുകുമോ?ചോദ്യം ചെയ്യൽ ഇന്ന്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ. രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നൽകിയിരുന്നു. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യൽ നടപടി മാത്രമായിരിക്കും ഇന്നുണ്ടായേക്കുക. വിശദമായി വായിക്കാം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായിട്ടാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈയ്യിൽ എത്തിയോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈയ്യിൽ ഉണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ദിലീപ് വീട്ടിൽ വെച്ച് ദൃശ്യങ്ങൾ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾ കൊണ്ട് 'വിഐപി' ദിലീപിന്റെ വീട്ടിൽ എത്തിയെന്നും ഇത് ടാബിൽ കണ്ടശേഷം ഈ ടാബ് ദിലീപ് ഭാര്യയായ കാവ്യ മാധവന്റെ കൈയ്യിലേക്ക് നൽകിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളാകും അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുക.

ഈ ഘട്ടത്തിൽ ദിലീപിന്റെ ഫോൺ രേഖകൾ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടും ഏറെ നിർണായകമാകും. ദിലീപിന്റെ ഫോണുകളിൽ നിന്നും നിരവധി രേഖകൾ നശിപ്പിച്ചുവെന്ന് നേരത്തേ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുംബൈയിൽ സ്വകാര്യ ലാബിൽ എത്തിച്ചാണ് വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയത്. അതേസമയം ഇവയിൽ ചില ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്.

ഇത് കൂടാതെ ദിലീപിന്റെ ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ സംബന്ധിച്ച് സൈബർ വിദഗ്ദൻ സായ് ശങ്കറും മൊഴി നൽകിയിരുന്നു. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങളാണ് താൻ കോപ്പി ചെയ്ത് നൽകിയതെന്നായിരുന്നു ഇയാളുടെ മൊഴി. ദിലീപിന്റെ സാന്നിധ്യത്തിൽ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടാണ് രേഖകൾ കോപ്പി ചെയ്തതെന്നായിരുന്നു സായ് ശങ്കർ പറഞ്ഞു.

ദിലീപ് അറിയാതെ സ്വന്തം നിലയ്ക്ക് താൻ വിവരങ്ങൾ ഹാക്ക് ചെയ്തെന്നും കോപ്പി ചെയ്ത് വെച്ചെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഒരിക്കലും പുറത്ത് പോകാൻ പാടില്ലാത്ത കോടതി രേഖകകൾ ഉൾപ്പെടെയുള്ളവയാണ് ദിലീപിന്റെ ഫോണിൽ നിന്നും താൻ നീക്കം ചെയ്തതെന്നും സായ് ശങ്കർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിയിരുന്നു. വാട്സ് ആപ്പിലൂടെയാണ് ഈ വിവരങ്ങൾ എത്തിയതെന്നായിരുന്നു മൊഴി.

ഈ വിവരങ്ങൾ എങ്ങനെ ദിലീപിന്റെ ഫോണിലെത്തി എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. നേരത്തേ കോടതി രേഖകൾ ആരാണ് അയച്ചതെന്ന ചോദ്യത്തിന് സായ് ശങ്കർ മറുപടി നൽകിയിരുന്നില്ല. ജഡ്ജിയോ കോടതി അധികൃതരോ ആയിരിക്കുമോയെന്ന ചോദ്യത്തിന് ആയിരിക്കാം എന്ന മറുപടുയാണ് സായ് ശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞതെന്നായിരുന്നു റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം ദിലീപിനെ കൂടാതെ നടിയും ഭാര്യയുമായ കാവ്യ മാധവനേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുള്ള മാഡം ആരെന്നറിയുന്നതിനായിരിക്കും ചോദ്യം ചെയ്യൽ. മാത്രമല്ല നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് കാവ്യയ്ക്കാണ് ടാബ് കൈമാറിയതെന്ന ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി സംബന്ധിച്ചും കാവ്യയിൽ നിന്നും അന്വേഷണ സംഘം വിവരം തേടും.












Click it and Unblock the Notifications