പള്‍സർ സുനിക്ക് ധരിക്കാന്‍ 7000 രൂപയുടെ ചെരിപ്പും 4000 ത്തിന്റെ ഷർട്ടും: പണം എവിടുന്ന്, അന്വേഷണം തുടങ്ങി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ഏഴ് വർഷത്തോളം നീണ്ട റിമാന്‍ഡ് വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. നിരവധി തവണ തള്ളിയ പ്രതിയുടെ ജാമ്യാപേക്ഷയില്‍ കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഒടുവില്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
ഇത്രയും നാള്‍ ജയിലില്‍ കിടന്ന, സിനിമ മേഖലയിലെ ഒരു ഡ്രൈവർ മാത്രമായിരുന്ന പള്‍സർ സുനി അതിന് അനുസരിച്ചുള്ള ഒരു ജീവിതമല്ല ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുറത്തിറങ്ങിയ പള്‍സർ സുനി സഞ്ചരിക്കുന്നത് ആഡംബര വാഹനങ്ങളിലും ഉപയോഗിക്കുന്നത് വില കൂടിയ വസ്തുക്കളുമാണ്.

സുനിയുടെ ഈ തരത്തിലുള്ള ജീവിതം ശ്രദ്ധയില്‍പ്പെട്ടതോടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ജാമ്യത്തില്‍ ഇറങ്ങുന്നതിന് മുമ്പും പള്‍സർ സുനിയുടെ ആഡംബര ജീവിതത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ജാമ്യത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ജയിലില്‍ നിന്നും നേരിട്ട് വന്ന ഘട്ടത്തില്‍ 7000 രൂപ വില വരുന്ന ചെരിപ്പായിരുന്നു പള്‍സർ സുനി ധരിച്ചത്. ഇതോടൊപ്പം തന്നെ ധരിച്ച ഷർട്ടിന്റെ വിലയാകട്ടെ 4000 രൂപയും.
ആഡംബര ജീവിതത്തോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങളും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. വിചാരണ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന കേസില്‍ ഒന്നാം പ്രതിയെ സ്വാധീനിക്കാന്‍ ആരെങ്കിലും ശ്രമിക്കുമോ എന്നത് സംബന്ധിച്ച കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം, വിചാരണക്കോടതിയില്‍ സുനില്‍ കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലേയും തുടർന്നു. ചോദ്യം ചെയ്യലിനായി സുനി കോടതിയിലെത്തുന്നതാകട്ടെ 25 ലക്ഷത്തോളം വിലയുള്ള കാറുകളിലുമാണ്. സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണ നടന്നപ്പോള്‍ സുനി എത്തിയത് 30 ലക്ഷത്തോളം വില വരുന്ന കിയ കാർണിവലിലായിരുന്നു.
അടുത്ത ദിവസം സുനി കോടതിയിലെത്തിയത് ഥാറിലുമാണ്. ഇതെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂരിലെ സുനിയുടെ വീടും പൊലീസിന്റെ നിരീക്ഷണത്തിലാണ്.സുനി ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനാണ് നീക്കം.












Click it and Unblock the Notifications