ദിലീപ് വക കോടികള്‍ മാത്രമല്ല, അതിലും വലിയ ഓഫറുണ്ടെന്ന് സുനി: പണ്ടേ പറഞ്ഞതെന്ന് ടിബി മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ശക്തി പകരുന്ന വെളിപ്പെടുത്തലുകളുമായി കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെങ്കിലും അതിലും വലിയ മറ്റൊരു ഓഫർ കൂടിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പള്‍സർ സുനി പറയുന്നത്. ദിലീപുമായി ചേർന്ന് ഒരു സിനിമ ചെയ്യാനാണ് തന്റെ ആഗ്രഹം. ദിലീപിനെ ഈ കേസില്‍ ശിക്ഷയിലേക്ക് പോകാത്ത രീതിയില്‍ താന്‍ സംരക്ഷിക്കുകയാണെങ്കില്‍ ദിലീപ് തനിക്ക് തന്ന സിനിമ ഓഫർ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നും ഒന്നാം പ്രതി വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം, പ്രോസിക്യൂഷന്‍ നേരത്തെ മുതല്‍ തന്നെ ഉയർത്തുന്ന വാദങ്ങളാണ് ഇപ്പോള്‍ പള്‍സർ സുനിയും പറയുന്നതെന്നാണ് വെളിപ്പെടുത്തലിന് പിന്നാലെ അഡ്വ. ടിബി മിനി പ്രതികരിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് അദ്ദേഹം കോടതിയിലും പറഞ്ഞിരിക്കുന്നത്. അതായത് എക്സിക്യൂഷന്‍ ഘട്ടം ഒഴിച്ചുള്ള ബാക്കി മുഴുവന്‍ കാര്യങ്ങളിലും എട്ടാംപ്രതിയായ ദിലീപിന് ഒരു തരത്തിലും സംരക്ഷണം നല്‍കാത്ത രീതിയിലുള്ള മൊഴിയാണ് അയാളുടേത്. അതേസമയം തന്നെ അത് പ്രോസിക്യൂഷന് സഹായമായി മാറുന്നതുമാണെന്നും അഡ്വ. ടിബി മിനി പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഞാനും ഈ കേസില്‍ ഇന്‍വോള്‍വ്ഡ് ആണ്. മൊബൈല്‍ ഫോണും ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡും പള്‍സർ സുനി ദിലീപിന് എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ഇവിടെ അദ്ദേഹം ശരിവെക്കുകയാണ്. കേസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ വിചാരണ ഏകദേശം പൂർത്തിയായി കഴിഞ്ഞു. നമുക്ക് ഹാജരാക്കാന്‍ കഴിയുന്ന എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്.
പള്‍സർ സുനിയെ ബന്ധപ്പെടുകയോ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍ അതല്ല സത്യമെന്ന് തെളിയിക്കാന്‍ സാധിക്കുന്ന ഒരുപാട് തെളിവുകള്‍ സുനി 3(13) നില്‍ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ബോധ്യം. അതുകൊണ്ട് തന്നെ ഇപ്പോള്‍ പറഞ്ഞതില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് അറിയില്ല. എന്തായാലും വിധി വരട്ടേയെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.
അതേസമയം, തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമാണ് ദിലിപിനെ കൊണ്ട് ഇത്തരമൊരു കൃത്യത്തിലേക്ക് എത്തിച്ചതെന്നും പള്‍സർ സുനി വെളിപ്പെടുത്തുന്നുണ്ട്. അക്രമം നടക്കുമ്പോള്‍ ഞാന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായ ശാരീരികമായും ഉപദ്രവിച്ചത്. പലതവണ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്. ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. സ്വാഭാവികമായ ദൃശ്യങ്ങള്‍ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫ്ലാറ്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പള്‍സർ സുനി അവകാശപ്പെടുന്നുണ്ട്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ചായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചില്‍ കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. വർഷങ്ങള്‍ക്ക് ശേഷം ഈ മാസത്തോടെ വിചാരണ പൂർത്തിയാകുമെന്ന് കരുതുമ്പോഴാണ് പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ വരുന്നത്.












Click it and Unblock the Notifications