'ദിലീപ് 12 അല്ല, 12 ലക്ഷം ചാറ്റ് നശിപ്പിച്ചോട്ടെ.. പക്ഷെ സാമാന്യ ബോധമുള്ളവർ ഇങ്ങനെ ചോദിക്കുമോ'
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തലവനെ തീരുമാനിക്കുന്നതില്‍ അതിജീവിതയുടെ അഭിപ്രായം തേടണമെന്ന വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഈശ്വർ. അതിജീവിതയോട് ബഹുമാനമാണ്, അവർക്ക് നേരിടേണ്ടി വന്ന ദുരന്തത്തില്‍ സങ്കടകരമാണ്.
പക്ഷെ ഏതെങ്കിലും ഒരു കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ആ അന്വേഷണ സംഘത്തെ നയിക്കുന്ന സംഘത്തിന്റെ ആളുപോലും ആരാവണമെന്ന് തീരുമാനിക്കുന്നത് അതിജീവിതയോട് സംസാരിച്ചിട്ട് വേണം എന്നുപറയുന്ന നിലവാരത്തിലേക്കാണോ കേരളം പോവുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സാഹചര്യങ്ങള്‍ നാളെ മറ്റ് കേസുകളിലും ആവർത്തിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവില്ലെന്ന് ആര് പറഞ്ഞു. നടനും നിർമ്മാതാവുമായ വിജയ് ബാബു ഒരു കേസ് നേരിടുന്നുണ്ട്. മറുവശത്ത് ഒരു പെണ്‍കുട്ടിയാണ്. ആ പെണ്‍കുട്ടിയോട് ചോദിച്ച് വേണ്ടിയായിരിക്കുമോ ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

കോടതി ഇന്ന് പ്രസക്തമായ ഒരു ചോദ്യം പ്രോസിക്യൂഷനോട് ചോദിച്ചിട്ടുണ്ട്. ചാറ്റ് നശിപ്പിച്ചു, ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നു. പന്ത്രണ്ടല്ല 12 ലക്ഷം ചാറ്റ് നശിപ്പിച്ചാലും കേസുമായി എന്താണ് ബന്ധമെന്നാണ് കോടതി ചോദിച്ചത്. ഇതേ റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിലിരുന്ന് നേരത്തെ ഇതേ ചോദ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന കാര്യമാണ് ഇത്.

ചാറ്റ് എത്ര വേണമെങ്കിലും നശിപ്പിച്ചോട്ടെ, എന്നാല്‍ അതിനൊക്കെ കേസുമായി എന്താണ് ബന്ധമെന്ന് ചോദിക്കുമ്പോള്‍ ആ ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ല. മറ്റൊരു അവസരത്തില്‍ മറുപടി തരാം എന്നും പറഞ്ഞ് ആ വിഷയം മാറ്റുകയായിരുന്നു. 12 അല്ല, ദിലീപ് 12 ലക്ഷം ചാറ്റുകള്‍ നശിപ്പിച്ചാലും അതിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല.

പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. എന്നിട്ടും ഏതെങ്കിലും തരത്തില്‍ ദിലീപിനെ കുടുക്കണം എന്നുള്ള സമീപനം ശരിയയാണോ. ദിലീപ് ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നത് തന്നെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ഇതിന്റെ ബന്ധമാണ്. ഏതെങ്കിലും ഒരു അഡ്വക്കറ്റ് കോടതിയില്‍ നിന്നും ഇത് പറയാനുള്ള ധൈര്യം കാണിക്കുമോ. വേറൊരു കേസിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തെന്നും പറഞ്ഞ് ഈ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് പറയുന്നതിലെ കോമണ്‍സെന്‍സ് എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

കേരളത്തില്‍ എന്താണ് നടക്കുന്നത്. തൃക്കാകര ഉപതിരഞ്ഞെടുപ്പുണ്ട്. സ്ത്രീപക്ഷ മുഖം വേണം, നെഹ്രുവിയന്‍ ലെഫ്റ്റ് ആവണം എന്നൊക്കെയാണ് വിഡി സതീശന്‍ പറയുന്നത്. അതുകൊണ്ട് പുരുഷനെ വേട്ടയാടുകയാണ്. സ്ത്രീയുടെ ഭാഗത്തോ അവരെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തോ എന്ത് വന്നാലും കുഴപ്പമില്ല. എന്ത് തരം വാദമാണ് ഇത്. നമ്മുടെ നാട്ടിലെ നിയമ സംവിധാനം എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ചോദിച്ചു.
Recommended Video

ദിലീപിന്റെ ഫോണിലെ 12 പേരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച ജനുവരി 29, 30 തിയ്യതികള്‍ നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ 12 വാട്‌സ്ആപ്പ് ചാറ്റുകളായിക്കോട്ടെ, 1200 വാട്‌സ്ആപ്പ് ചാറ്റുകള്‍ ആയിക്കോട്ടെ, നശിപ്പിച്ച ചാറ്റുകള്‍ക്ക് കേസുമായി ബന്ധമുണ്ട് എന്ന് തെളിയിക്കേണ്ടതല്ലേ എന്നായിരുന്നു കോടതി പ്രോസിക്യൂഷനോട് ചോദിച്ചത്.












Click it and Unblock the Notifications