ദിലീപ് കേസില്‍ പ്രതികരിച്ച് ശ്വേത മേനോന്‍; കൗതുകത്തോടെ കാത്തിരിക്കുന്ന വിധി, നടി തിരിച്ചുവരണം
കൊച്ചി: താര സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തും മറ്റു താക്കോല്‍ സ്ഥാനങ്ങളിലും വനിതകള്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ് പലരും കാണുന്നത്. പ്രസിഡന്റായി ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത് കടുത്ത മല്‍സരത്തിന് ശേഷമാണ്. 20 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ശ്വേതയ്ക്ക് ലഭിച്ചത് എന്നത് നിര്‍ണായക വിഷയങ്ങളില്‍ എളുപ്പം തീരുമാനം എടുക്കാനാകില്ല എന്ന സൂചനയാണ്.
മിക്ക പ്രശ്‌നങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്ന് ശ്വേത പറയുന്നു. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വളരെ ഗൗരവമുള്ളതാണെന്നും കോടതി വിധി എന്താകുമെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണെന്നും ശ്വേത പറഞ്ഞു. അതിജീവിത അമ്മയിലേക്ക് തിരിച്ചുവരണം എന്നും ശ്വേത ആവശ്യപ്പെട്ടു. അറിയാം വിശദമായി...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് കോടതിയിലാണ്. കോടതിയിലുള്ള വിഷയം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് ശ്വേത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വേഗം തീര്‍ക്കേണ്ട കേസായിരുന്നു ഇത്. വളരെ നീണ്ടുപോയി. നിയമത്തിലെ പല കാര്യങ്ങളും മാറാന്‍ സമയമായി കഴിഞ്ഞു എന്നും ശ്വേത മേനോന്‍ പറഞ്ഞു.
അറിയാത്ത വിഷയങ്ങള്‍ സംസാരിക്കാത്ത വ്യക്തിയാണ് താന്‍. കോടതിയില്‍ നടക്കുന്ന കേസായതിനാല്‍ അതിന്റേതായ രീതിയില്‍ വിധി വരട്ടെ. ഈ കേസ് ഗൗരവമുള്ളതാണ്. എന്താണ് സത്യം എന്ന് അറിയാന്‍ കോടതി വിധി വരണം. അതിജീവിത അമ്മയിലേക്ക് തിരിച്ചുവരണം. എല്ലാവരും കൂടെയുണ്ട്. മറ്റുള്ളവരും തിരിച്ച് വരണം. ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയങ്ങളാണ് മിക്കതും എന്നും ശ്വേത മേനോന്‍ പറഞ്ഞു.
ദിലീപ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥ
2017 ഫെബ്രുവരി 17നാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളെ പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. പിന്നീടാണ് നടന്‍ ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നത്.
ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ ദിലീപ് കേസില്‍ അറസ്റ്റിലായി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെ നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും രണ്ട് ചേരിയായി സിനിമാ താരങ്ങള്‍ മാറി. വിശദമായ അന്വേഷണത്തിന് ഒടുവില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏറെ നാള്‍ക്ക് ശേഷം സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ചില വെൡപ്പെടുത്തല്‍ വീണ്ടും അന്വേഷണത്തിന് ഇടയാക്കി.
എട്ട് വര്‍ഷം പിന്നിട്ടും കേസില്‍ വിധി വന്നിട്ടില്ല. എട്ടാം പ്രതിയായ ദിലീപ്, ഒന്നാം പ്രതിയായ പള്‍സര്‍ സുനി തുടങ്ങിയവര്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമെല്ലാം തുടര്‍ച്ചയായി ഉപഹര്‍ജികള്‍ സമര്‍പ്പിച്ചതും വിചാരണ വൈകിപ്പിച്ചു. കേസ് വേഗം തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വൈകാതെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രതികളും ജാമ്യത്തിലാണ്.












Click it and Unblock the Notifications