'നടി കേസിൽ വിചാരണ ഇനിയും നീട്ടിക്കൊണ്ട് പോകരുത്'; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നടൻ ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ പൂർത്തിയാക്കാൻ വിചാരണ കോടതി സമയം നീട്ടി ചോദിച്ചിരുന്നു. അതിനിടയിലാണ് കോടതി ഇന്ന് ദിലീപിൻറെ ഹർജി പരിഗണിക്കുന്നത്. നേരത്തേ ദിലീപിന്റെ ഹർജിയിൽ ജുലൈ 31 ന് ഉള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
മെയ് 8 നായിരുന്നു ദിലീപിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. വിചാരണ വൈകുന്നത് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണെന്നായിരുന്നു അന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകർ നീട്ടിക്കൊണ്ട് പോകുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ഭാഗം അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് വിസ്താരം നീട്ടിയെന്ന് പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു.

അതിനിടെ കേസ് നീട്ടക്കൊണ്ട് പോകാനാണ് അതിജീവിതയുടെ ഭാഗത്ത് നിന്ന് ശ്രമമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ നിർണായക തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഇത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെങ്കിലും കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം എന്നാണ് ദിലീപ് വാദിച്ചത്. ദൃശ്യങ്ങളിൽ മാറ്റമില്ലെന്നിരിക്കെ വീണ്ടും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും ദിലീപ് ചോദിച്ചിരുന്നു. കേസ് നീണ്ട് പോകുന്നത് തന്റെ ജീവിതത്തെയും കരിയറിനേയും ബാധിക്കുന്നുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിചാരണ മാർച്ച് 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിചാരണ കോടതി ഇപ്പോൾ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ കൂടി വിസ്താരം പൂർത്തിയാക്കാൻ ഉണ്ടെന്നും വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications