'നടിക്ക് നേരെ നടന്നത് ക്രൂര ആക്രമണം, നടിയുടെ മൊഴി തെളിയിക്കുന്നത് ഇത്'; പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി
കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൊച്ചി: 2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറിൽ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പൾസുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി പോലീസിന്റെ പിടിയിലായിരുന്നു.
നിലവിൽ വിചാരണ തടവുകാരനായി ജയിലിൽ തുടരുകയാണ് പൾസർ സുനി. കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഇന്ന് കോടതി വാദം കേട്ടു.

ജാമ്യം അനുവദിക്കരുതെന്ന് സർക്കാരും
അറസ്റ്റിലായതിന് പിന്നാലെ പല തവണ ജാമ്യത്തിനായി സുപ്രീം കോടതിയിൽ അടക്കം പൾസർ സുനി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷനും സർക്കാരും സുനിയുടെ ജാമ്യത്തെ എതിർക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സർക്കാർ ജാമ്യം അനുവദിക്കരുതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

സ്വാഭാവിക ജാമ്യത്തിന് അർഹനെന്ന്
ആറ് വർഷം വിചാരണ തടവുകാരനായി ജയിലിൽ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പൾസർ സുനിയുടെ വാദം. കേസിൽ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവർ ജയിലിന് പുറത്താണെന്നും പൾസർ സുനി ഹർജിയിൽ പറയുന്നുണ്ട്. വിചാരണ നീണ്ട് പോകുന്ന സാഹചര്യത്തിൽ ഇനിയും ജാമ്യം നിഷേധിക്കരുതെന്നും സ്വാഭാവിക ജാമ്യം ലഭിക്കാൻ അർഹനാണെന്നും സുനി പറയുന്നുണ്ട്.
കേസ് വിചാരണ വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സുനി വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത്.

പൾസർ സുനിക്കെതിരായ അതിജീവിതയുടെ മൊഴി
വിചാരണ നീണ്ട് പോകുന്ന സാഹചര്യം ഉണ്ടായാൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പൾസർ സുനിയുടെ നീക്കം. ജാമ്യ ഹർജിയിൽ ഹൈക്കോടതി വിചാരണ കോടതിയിൽ നിന്നും വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. അതിജീവിതയുടേത് ഉൾപ്പെടെയുള്ളവരുടെ പൾസർ സുനിക്കെതിരായ മൊഴികൾ ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. കേസിൽ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടി വരുമെന്നും കോടതി വിചാരണ കോടതിയോട് വിശദീകരണം തേടിയിരുന്നു.

നടിയുടെ മൊഴി വ്യക്തമാക്കുന്നത്
അതേസയം ഇന്ന് ഹർജി പരിഗണിക്കവേ സുനിക്കെതിരായ മൊഴികൾ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറി. നടിയുടെ അടക്കം മൊഴികൾ പരിശോധിച്ച കോടതി നടിക്കെതിരെ നടന്നത് അതി ക്രൂരമായ പീഡനമാണെന്നാണ് വാക്കാൽ നിരീക്ഷിച്ചത്. നടിയുടെ മൊഴി വ്യക്തമാക്കുന്നത് ഇതാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് പറഞ്ഞു. അതേസമയം ജാമ്യ ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി.
ഹൈക്കോടതിയുടെ നിലപാട് കേസിൽ നിർണായകമാകും.

പൾസർ സുനിക്ക് ജാമ്യം ലഭിക്കാൻ സാധ്യത കുറവ്
കേസിൽ പൾസർ സുനിക്ക് നിലവിലെ സാഹചര്യത്തിൽ ജാമ്യം ലഭിക്കാൻ ഉള്ള സാധ്യത കുറവാണെന്ന് തന്നെയാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതി ഉൾപ്പെടെ സുനിയുടെ ആവശ്യത്തിൽ നേരത്തേ തന്നെ ജാമ്യത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയതാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പൾസർ സുനിയെ സംബന്ധിച്ച് ജയിലിൽ തുടരുന്നതാകും അയാളുടെ ജീവൻ സുരക്ഷിതമായിരിക്കാൻ സഹായിക്കുകയെന്നായിരുന്നു നേരത്തേ കേസിലെ നടിയുടെ അഭിഭാഷകയായിരുന്ന അഡ്വ ടിബി മിനി പ്രതികരിച്ചത്.

പൾസർ സുനിക്ക് നേരിട്ട് ഹാജരാകാം
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികളിൽ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജിയിൽ ഹൈക്കോടതി അനുമതി നൽകിയിരുന്നു. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്തുന്നത് വലിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൾസർ സുനി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications