ദിലീപിന് ജഡ്ജിയുമായി ബന്ധം; 'തേടിയ വള്ളി കാലില്‍ ചുറ്റി'യത് തെളിവ്... നടിയുടെ ഹര്‍ജി
കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് ശക്തമായ വാദങ്ങള്‍. ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതിയിലെ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് നടി. ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും ദിലീപ് ബന്ധം സ്ഥാപിച്ചുവെന്നാണ് നടിയുടെ ആരോപണമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇങ്ങനെയായാല്‍ ഒരിക്കലും നീതി കിട്ടില്ലെന്ന് നടി സംശയിക്കുന്നു. അതുകൊണ്ടുതന്നെ ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ വിചാരണ നടത്തരുതെന്ന് നടി ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ തീരുമാനം വളരെ നിര്‍ണായകമാകും...

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവായ എക്‌സൈസ് സിഐയുമായും ദിലീപ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന വാദം കേസിന്റെ വിചാരണയുടെ വിശ്വാസ്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്.

വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല. നേരത്തെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങളും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവുമായി ദിലീപും മറ്റു പ്രതികളും ബന്ധമുണ്ടാക്കിയതിന് തെളിവായിട്ടാണ് ഓഡിയോ സന്ദേശം നടി ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വിചാരണ കോടതി ജഡ്ജി പരിഗണിക്കുന്നില്ലെന്ന് നടി പറയുന്നു. 'തേടിയ വള്ളി കാലില്‍ ചുറ്റി'യെന്ന ഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജഡ്ജിയുടെ ഭര്‍ത്താവ് പ്രതിയായ കേസും സംഭാഷണത്തില്‍ പറയുന്നു. ഇതെല്ലാം വിചാരണ നീതി പൂര്‍വമാകില്ല എന്നതിന് തെളിവായി നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കഴിഞ്ഞ ദിവസം പിന്‍മാറി. ഇനി മറ്റൊരു കോടതിയാകും നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക. നേരത്തെ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

ദിലീപ് പ്രതിയായ കേസില്‍ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചിരുന്നു. നിരവധി സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇതോടെ വിചാരണ നിര്‍ത്തിവച്ചു. തുടരന്വേഷണം നടന്നു. നടപടികള്‍ ആറ് മാസത്തോളം നീണ്ടുപോയി.

ദിലീപും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്, ദിലീപിന്റെ വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ടു തുടങ്ങി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. പിന്നീട് ബാലചന്ദ്ര കുമാറിനെതിരെ ഒരു യുവതി ലൈംഗിക പീഡന പരാതിയുമായി രംഗത്തുവന്നു. ഈ പരാതി വ്യാജമാണ് എന്നാണ് അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications