'ദിലീപിന് അത് എതിർക്കാൻ എന്ത് അധികാരമാണുള്ളത്, മൊഴി അറിഞ്ഞേ തീരു';ഉറച്ച് അതിജീവിത,വിധി പറയുന്നത് മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നത് സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പുകൾ അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദീലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഇന്ന് കേസിൽ വാദം കേട്ടത്. അതിജീവിത വ്യാജപ്രചരണം നടത്തുകയാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.
വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ അതിജീവിത ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മൊഴിപ്പകർപ്പുകളുടെ സർട്ടിഫൈഡ് കോപ്പി നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ ദിലീപിന്റെ ഹർജി. തന്റെ എതിർപ്പ് പരിഗണിക്കാതെയാണ് സിംഗിൽ ബെഞ്ച് അതിജീവിതയ്ക്ക് അനുകൂലമായി ഉത്തരവിട്ടത് എന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ല. ഇത് നിയമവിരുദ്ധമാണെന്നും ദിലീപ് പറഞ്ഞു. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയുടെ അഭിഭാഷക ടെലിവിഷന്‍ ചാനലുകളില്‍ വന്ന് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്ന വിമർശനവും കോടതിയിൽ ദിലീപ് ഉയർത്തി.
അതേസമയം ജില്ലാജഡ്ജിയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയാൻ തനിക്ക് അവകാശമുണ്ടെന്ന് അതിജീവിത കോടതിയിൽ വാദിച്ചു. മൊഴിപ്പകർപ്പ് തനിക്ക് നൽകരുതെന്ന് പറയാൻ ദിലീപിന് എന്ത് അധികാരമാണുള്ളതെന്നും അതിജീവിത ചോദിച്ചു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെയാണ് മെമ്മറി കാർഡ് അനധികൃതമായി ആക്സസ് ചെയ്തതെന്നും തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് താൻ കോടതിയെ സമീപിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മൂന്ന് കോടതികളിൽ വെച്ച് പരിശോധിച്ചെന്നുളള റിപ്പോർട്ടാണ് വിചാരണക്കോടതി ഹൈക്കോടതിയിൽ സമർപ്പിച്ചത്. 2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13 ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ. 2021 ൽ വിചാരണ കോടതിയിൽ വെച്ച് ശിരസ്താദാർ താജുദ്ദീന്റെ എന്നിവരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്നാണ് കണ്ടെത്തൽ.
വസ്തുതാന്വേഷണ റിപ്പോർട്ടിൽ നിർണായക മൊഴികൾ ഉണ്ടെന്നാണ് അതിജീവിതയുടെ നിലപാട്. കേസിൽ അതീവ ഗൗരവമായ ഈ മൊഴികൾ അറിയണമെന്നത് തന്റെ അവകാശമാണെന്നാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications