നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് ഈ 3 പേർ; വിചാരണ കോടതി റിപ്പോർട്ട് പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മൂന്ന് കോടതികളിൽ വെച്ച് പരിശോധിച്ചതായി അന്വേഷണ റിപ്പോർട്ട്. വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ടർ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഈ മെമ്മറി കാർഡ് പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിലാണ് ആദ്യം കണ്ടെത്തിയത്. കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു കണ്ടെത്തൽ. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും വിവോ ഫോണിൽ ആണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ ഹർജിയിൽ കഴിഞ്ഞ ഡിസംബറിൽ വസ്തുതാ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടായിരുന്നു അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്.
2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റ് ആണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാത്രി 9.58 ന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദാണ് മെമ്മറി കാർഡ് പരിശോധിച്ചത്. 2018 ഡിസംബർ 13 ന് ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ നിയമവിരുദ്ധമായി കാർഡ് പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തൽ.
2021 ൽ വിചാരണ കോടതിയിൽ വെച്ച് ശിരസ്താദാർ താജുദ്ദീന്റെ ഫോണിലാണ് ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കോടതി ജീവനക്കാർ തന്നെയായിരിക്കാം ഈ സമയത്ത് കാർഡ് ഉപയോഗിച്ചതെന്ന ആരോപണങ്ങൾ നേരത്തേ തന്നെ ശക്തമായിരുന്നു.












Click it and Unblock the Notifications