'അതിജീവിത ആദ്യം പറഞ്ഞത് അമ്മയിൽ, അമ്മ അംഗങ്ങൾ തന്നെയല്ലേ നടിക്കെതിരെ മൊഴി കൊടുത്തത്': ഭാഗ്യലക്ഷ്മി
ലഹരി ഉപയോഗിച്ച നടനിൽ നിന്നും സിനിമാ സെറ്റിൽ വെച്ച് മോശം അനുഭവം ഉണ്ടായി എന്ന നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരക്കാർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും വിൻ സി പറഞ്ഞിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയ ആക്രമണവും വിൻ സിക്ക് നേരെ ഉണ്ടായി. അന്ന് എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്നും നടന്റെ പേര് എന്താണ് പറയാത്തത് എന്നുമാണ് ഉയരുന്ന വിമർശനം.
പേര് പറയാതെ തന്നെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന വിൻസി പേര് കൂടി പറഞ്ഞാൽ ആ നടന്റെ ഫാൻസിന്റെ ആക്രമണവും നേരിടേണ്ടി വരുമെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുന്നു. അമ്മ സംഘടനയിൽ എന്ത് കൊണ്ട് പരാതിപ്പെടുന്നില്ല എന്നുളള ചോദ്യത്തിനും ന്യൂസ് 18 കേരളം ചാനലിൽ സംഘടിപ്പിച്ച ചർച്ചയിൽ ഭാഗ്യലക്ഷ്മി മറുപടി നൽകി.
'' 2000 കാലഘട്ടം വരെയൊന്നും മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. മദ്യപിക്കുന്നതൊക്കെ അവരുടെ ജോലി കഴിഞ്ഞതിന് ശേഷം ആയിരുന്നു. അതല്ലാതെ മദ്യപിച്ച് ഷൂട്ടിംഗ് സ്ഥലത്ത് വരിക, ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വരിക എന്നതൊന്നും കേട്ടിട്ടില്ല. വിന്‍സിയുടെ വീഡിയോ കണ്ടപ്പോള്‍ വളരെ അധികം സന്തോഷം തോന്നി. അഭിമാനം തോന്നി. അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്ന് തുറന്ന് പറയാതിരിക്കുന്ന അവസ്ഥയാണ് പൊതുവേ കാണുന്നത്.

തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെന്നും അതിനാല്‍ ഇത്തരക്കാരുമായി സഹകരിക്കില്ലെന്നും പറയണമെങ്കില്‍ അത്രയും ആത്മവിശ്വാസം ഉണ്ടായിരിക്കണം. പലരും പറയുന്നു ആളുടെ പേര് പറയാന്‍. പേരല്ല ഇവിടത്തെ വിഷയം. സംഭവമാണ് വിഷയം. മദ്യപിച്ചിട്ടായാലും ലഹരി ഉപയോഗിച്ചിട്ടാണെങ്കിലും ഷോട്ടില്‍ വന്ന് അഭിനയിച്ചാല്‍ മതി എന്ന് പറയുന്നത് പ്രോത്സാഹിപ്പിക്കലാണ്.
ഇതെല്ലാം ഉപയോഗിക്കുന്നവര്‍ അവരുടെ സ്വകാര്യ ഇടങ്ങളില്‍ ഉപയോഗിക്കുക. ഒരു നടിക്ക് മദ്യപിച്ച് ലക്ക് കെട്ട ഒരു നടനോടൊപ്പം അഭിനയിക്കേണ്ടി വന്നു. അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവര്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ വിവരിച്ചു. അനുമതി ഇല്ലാത്തത് കൊണ്ട് നടിയുടെ പേര് പറയുന്നില്ല. പ്രതികരിച്ച് കൂടായിരുന്നോ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞത് നല്ലൊരു കഥാപാത്രമാണ്, ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ അതെങ്ങനെയാണ് കളയുക, ഇതൊക്കെ പിന്നെ ഇതിന്റെ ഭാഗമല്ലേ എന്ന്. അങ്ങനെ ഉളള ഇടത്താണ് വിന്‍സി പറയുന്നത് സിനിമ ഇല്ലെങ്കില്‍ എനിക്ക് ജീവിതം ഇല്ല എന്ന് താന്‍ ഒരിക്കലും പറയില്ല എന്ന്.
പീഡന ആരോപണം നേരിടുന്ന ആള്‍ക്കൊപ്പം നില്‍ക്കുകയും, അത്തരക്കാര്‍ ജയിലില്‍ നിന്ന് പുറത്ത് വരുമ്പോള്‍, സ്ത്രീകളോട് മോശമായി സംസാരിക്കുന്നവര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ആഘോഷമാക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉളളവര്‍ ബലാത്സംഗത്തേയും ലഹരി ഉപയോഗത്തേയും എല്ലാം പ്രോത്സാഹിപ്പിക്കും. അവനവന്റെ വീടിന്റെ പടിക്കല്‍ എത്തുന്നത് വരെ ഇതൊക്കെ പ്രോത്സാഹിപ്പിക്കും'', ഭാഗ്യലക്ഷ്മി പറഞ്ഞു.
''അമ്മ എന്ന സംഘടനയില്‍ വിന്‍സിക്ക് പരാതിപ്പെടാമായിരുന്നല്ലോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.. അമ്മയില്‍ പരാതിപ്പെട്ട ആര്‍ട്ടിസ്റ്റിന്റെ അവസ്ഥ എന്താണ്. അതിജീവിത, അവര്‍ അനുഭവിക്കുന്ന വേദന ആദ്യം പറഞ്ഞത് അമ്മയില്‍ തന്നെയല്ലേ. അതിലുളള അംഗങ്ങള്‍ തന്നെയല്ലേ ചെന്ന് അവള്‍ക്കെതിരെ മൊഴി കൊടുത്തതുമെല്ലാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എത്രയോ പേര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നു. അതില്‍ ചില വ്യാജ ആരോപണങ്ങളും ഉണ്ട്, ഇല്ലെന്നല്ല. പക്ഷേ സത്യസന്ധമായ ആരോപണങ്ങള്‍ക്ക് അമ്മയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായോ. അവിടെയും ഇവിടെയും തൊടാതെയല്ലേ അവര്‍ മറുപടി പറയുകയുളളൂ. ഈ രാജ്യത്ത് എന്തൊക്കെ സംഭവങ്ങള്‍ നടന്നാലും ഇവിടെയുളള നടന്മാര്‍ അഭിപ്രായം പറയില്ല. കാരണം അവര്‍ ജീവിക്കുന്നത് വേറൊരു ലോകത്താണ്. സ്ത്രീകള്‍ അനുഭവിക്കുന്നത് എന്താണെന്ന് അവര്‍ക്ക് മനസ്സിലാകില്ല..''
''എനിക്ക് സിനിമ ചെയ്യണം, എന്റെ സിനിമ, എന്റെ ആരാധകര്‍ എന്നതാണ്. നടന്റെ പേര് പറഞ്ഞാല്‍ അയാളുടെ ഫാന്‍സ് ആണ് വന്ന് തെറി വിളിക്കുന്നത്. പേര് പറയാഞ്ഞിട്ട് തന്നെ ആക്രമിക്കുകയാണ് ആ പെണ്‍കുട്ടിയെ. സിനിമയ്ക്കുളളില്‍ നിലപാട് ഉളളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉളളൂ. നിലപാട് ഉളളവര്‍ സിനിമ ചെയ്യാതെ വീട്ടിലിരിക്കും. വിന്‍സിയെ മനസ്സിലാക്കുന്ന, യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്ന സംവിധായകരുടെ സിനിമകള്‍ മാത്രമേ ഇനി വിന്‍സിക്ക് കിട്ടൂ. നിങ്ങളിലെ അഭിനേതാവിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം, ബാക്കിയുളളതെല്ലാം മാറ്റി വെയ്ക്കാം എന്ന് ആരും പറയില്ല. നായകന്മാര്‍ ഭരിക്കുന്ന കാലമാണ് മലയാള സിനിമയില്‍. ഇന്ത്യന്‍ സിനിമ തന്നെയും അങ്ങനെയാണ്. മലയാള സിനിമയിലെ സ്ത്രീകള്‍ സത്യം വിളിച്ച് പറഞ്ഞാല്‍ അവരെ കൂട്ടമായി ആക്രമിക്കുക എന്നത് ഒരു പുതിയ കാര്യമല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications