'ദിലീപിനെ കുറിച്ചത് പറയാൻ ചില്ലറ തൊലിക്കട്ടി പോര,ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും'; പ്രകാശ് ബാരെ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും നടനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലെന്നുമായിരുന്നു അടൂർ പറഞ്ഞത്
കൊച്ചി: ദിലീപ് വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ.
കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നത് അത്ഭുതം ഉണ്ടാക്കുന്നതാണ്.അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ ഇപ്പോൾ അടൂർ ചെയ്തത് വളരെ തെറ്റായി പോയി', പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പുരോഗമനപരമായ ആശയങ്ങൾ വെച്ച് സിനിമയെടുക്കുന്ന നമ്മുടെയൊക്കെ ചെറുപ്പം മുതലുള്ള ആരാധനാപാത്രമായ ഒരു വ്യക്തി, ഒരു രാഷ്ട്രീയക്കാരുടെ പിന്നാലെയും പോകാതെ സ്വന്തം നിലപാടുകളിൽ ഉറച്ച് നിന്ന വ്യക്തി ഇങ്ങനെ കേസിൽ പെട്ടൊരാളെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരിൽ അത് ഏത് രീതിയിലാണ് ബാധിക്കുകയെന്ന് അദ്ദേഹത്തിന് വല്ല ധാരണയുമുണ്ടോ?

ദിലീപ് കുറ്റവാളിയാണെന്നും അല്ലെന്നും പറയുന്നവരുടെ ചർച്ചയല്ല ഇവിടെ നടക്കുന്നത്. ഇവിടെ ദിലീപ് പ്രതിയാണെന്നും കേസ് അട്ടിമറിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്ന ഒരു കൂട്ടരും ഇതൊന്നുമല്ല എനിക്ക് അറിയാം എല്ലാം അദ്ദേഹം നിരപരാധിയാണെന്ന് സർട്ടിഫിക്കറ്റ് തരാം എന്ന് പറയുന്ന കുറെ ആളുകളും തമ്മിലുള്ള ചർച്ചയാണ്.

കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ശങ്കർ മോഹനേയും ദിലീപിനേയും വെളുപ്പിക്കാൻ അടൂർ നടത്തുന്ന ശ്രമം മനസിൽ വിഷമം ഉണ്ടാക്കുന്നതാണ്. നമ്മുടെയൊക്കെ മനസിലെ ബിംബങ്ങളാണ് അദ്ദേഹമൊക്കെ.

ചില അമ്മമാര് മക്കൾ എത്രമാത്രം ക്രിമിനൽ കാര്യം ചെയ്താലും അവരെ സംരക്ഷിക്കും. അന്ധമായ സ്നേഹം കൊണ്ടായിരിക്കാം ചിലപ്പോഴവർ അങ്ങനെ ചെയ്യുന്നത്. നേരത്തേയുള്ള ബന്ധങ്ങൾ കൊണ്ട് അടൂരിനേയും ശ്രീലേഖയേയുമൊക്കെ കൊണ്ട് ഇങ്ങനെ പറയിക്കുകയാണ്. എന്തൊരു കഷ്ടമാണിത്. ക്രിമിനാലിറ്റിയുടെ വലിയ സംഭവമാണിത്. ആ ക്രമിനാലിറ്റിയെ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് കുറെ ആളുകളെ കൂടി അതിലേക്ക് വലിച്ച് കൊണ്ടുപോകും.

എന്തൊക്കെ ചെയ്താലും എത്രയൊക്കെ വായടപ്പിക്കാൻ ശ്രമിച്ചാലും മനുഷ്യന്റെ വായടപ്പിക്കാൻ കഴിയില്ല. ഇനി ഈ
കേസിൽ എന്തെങ്കിലും തരികിട ചെയ്താലും കാലം കഴിഞ്ഞാലും ഈ യുദ്ധം തുടരുക തന്നെ ചെയ്യും. ഇനി വരുന്ന കുട്ടികളും ഇതിൽ ഭാഗവാക്കാവുന്ന ഒരു മൂവ്മെന്റായി ഇത് ഇവിടെ നിൽക്കും.

ഈ കേസിൽ തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതിന് കുന്ന് കണക്കിന് തെളിവുണ്ട്. സിനിമാക്കാരൊക്കെ ഇതിനെ പിന്തുണയ്ക്കുന്നു. സാക്ഷികളെ കൂറുമാറ്റി, ഡാറ്റ ഡിലീറ്റ് ആക്കി, ഇതൊക്കെ കണ്ടിട്ടും ദിലീപ് നിരപരാധിയാണെന്ന് പറയാൻ തൊലിക്കട്ടി കുറച്ചൊന്നും പോര. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ ഇപ്പോൾ അടൂർ ചെയ്തത് വളരെ മോശമായി പോയി.സെറ്റിംഗ് ഗ്രൗണ്ട് ആണ് ഇവിടെ നടക്കുന്നത്. വരും ദിവസങ്ങളിൽ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും'.












Click it and Unblock the Notifications