കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്തധികാരം? ദിലീപ് കേസില്‍ പൊലീസിനോട് കോടതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ കോടതി. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണം എന്നും വിചാരണ കോടതി ഉത്തരവിട്ടു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സി ബി ഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്.
ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ഉള്ള കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ഡിസംബര്‍ 13 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ചോര്‍ന്നതായാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. വിചാരണ കോടതിയിലെ പ്രധാന രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയതും ഫോറന്‍സിക് പരിശോധനയില്‍ തന്നെ ആണ്.

കൈപ്പടയിലെഴുതിയ രേഖകളും പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ലാത്ത രേഖകളുമാണ് നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. ഈ രേഖകള്‍ ദിലീപ് ആര്‍ക്കൊക്കെ കൈമാറി എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിലെ പ്രധാന രേഖകള്‍ പ്രതിക്ക് ചോര്‍ത്തി നല്‍കിയത് ആരാണ് എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ശരതിനെയും പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. കേസില്‍ ആറാം പ്രതിയാണ് ശരത്.
Recommended Video


വധ ഗൂഢാലോചനയില്‍ ശരതിന് പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദരേഖയും ശരതിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോണിലെ രേഖയും പരിശോധിച്ചാണ് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയത്. കേസില്‍ ആറ് പ്രതികളാണുള്ളത്. അഞ്ച് പേരുകള്‍ നേരത്തെ എഫ് ഐ ആറിലുണ്ടായിരുന്നു. ആറാമനെ വ്യക്തമല്ലാത്തതിനാല്‍ ആ രീതിയിലാണ് എഫ് ഐ ആറില്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ ശരത്താണ് ആറാം പ്രതിയെന്ന് സൂചിപ്പിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

ഇതിനിടെ ദിലീപിന്റെ അനിയന്‍ അനൂപിനെയും അളിയന്‍ സുരാജിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന. ദിലീപിന്റെ കാര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യവസായിയായ ശരത് ദിലീപിന്റെ സുഹൃത്താണ്. നേരത്തെ ദിലീപിനെ അന്വേഷണ സംഘം രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ശരതിനേയും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ല എന്നാണ് ശരത് പോലീസിന് നല്‍കിയ മൊഴി.

വ്യവസായിയായ ശരതിന് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം തന്നെ അനാവശ്യമായി കേസില്‍ പീഡിപ്പിക്കുകയാണ് എന്നാണ് ദിലീപ് പറയുന്നത്. വീട്ടിലെ എല്ലാവരെയും പ്രതി ചേര്‍ക്കുന്നത് കൃത്യമായ ഗൂഢാലോചനയാണ് എന്ന് ദിലീപ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റേയും പള്‍സര്‍ സുനിയുടേയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications