നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പ്രചരിച്ചോ? വിവോ ഫോണിന്റെ ഉടമയെ പൂട്ടാൻ പോലീസ്, നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. അതിജീവിതയുടെ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായത്. കേസന്വേഷണം നീണ്ടിക്കൊണ്ടുപോകാനുള്ള അതിജീവിതയുടെ നീക്കമാണിതെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം തള്ളിയായിരുന്നു കോടതി ഉത്തരവിറക്കിയത്.
വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടാണ് ഇക്കാര്യത്തിൽ വസ്തുതാ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പോലീസ് അടക്കമുള്ള ഏജൻസികളുടെ സഹായം തേടാമെന്നാണ് കോടതി വ്യക്തമാക്കിയത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ തുറന്നിട്ടുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ ആരെന്ന് ഒരു മാസത്തിനുള്ളിൽ കണ്ടെത്തണമെന്നാണ് കോടതി നിർദ്ദേശം.

മെമ്മറി കാർഡിൽ എട്ട് ഫയലുകളാണ് ഉള്ളത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.
ഈ സമയത്ത് ഒരു വിവോ ഫോണിൽ ഇട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ.
ഈ വിവോ ഫോണിന് ഉടമ ആരെന്നതാണ് ഇനി പ്രധാനമായും കണ്ടെത്തേണ്ടത്. കോടതി ജീവനക്കാരാണോ അതോ പുറത്തുനിന്നുള്ളവരാണോ എന്നതായിരിക്കും പോലീസ് അന്വേഷിക്കുക. ടവർ ലൊക്കേഷൻ, ഐ എം ഇ ഐ നമ്പർ എന്നിവ കേന്ദ്രീകരിച്ചെല്ലാം പോലീസ് അന്വേഷണം നടത്തിയേക്കും.












Click it and Unblock the Notifications