ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ: എന്തിനാണ് ഈ വിഷയത്തില്‍ ഇത്ര താല്‍പര്യമെന്ന് ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് നടത്തുന്ന അനധികൃതമായ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുമായി അഭിഭാഷകയായ ടിബി മിനി. മെമ്മറി കാർഡ് ടാംപർ ചെയ്തതില്‍ ദിലീപിന് പങ്കുള്ളതായി ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. അത്തരത്തില്‍ ഒരു ആരോപണവും ഞങ്ങള്‍ ഉന്നയിച്ചിട്ടുമില്ല. എന്നാല്‍ എട്ടാം പ്രതി 'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ' എന്ന് ചോദിച്ച് വരികയാണെന്നും ടിബി മിനി പറയുന്നു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക.
ദിലീപിന് എന്തിനാണ് ഇത്ര ആശങ്ക. ഈ കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ? ന്യായം നടപ്പിലാക്കപ്പെടുകയാണ് വേണ്ടത്. ജൂഡീഷ്യറിയില്‍ ക്രിമിനലിന്റെ സഹായം ആവശ്യമുണ്ടോ. അത്തരം സഹായം തേടുന്നു എന്ന് പറയുമ്പോള്‍ ആ സംവിധാനത്തില്‍ സംശയത്തിന്റെ മറ വന്ന് കഴിഞ്ഞു. ഞാന്‍ സംശയച്ചില്ലെങ്കിലും നാട്ടുകാർ മുഴുവന്‍ സംശയിക്കും.

ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം. അയാള്‍ക്ക് അയാളുടെ കാര്യം നോക്കിയാല്‍ പോരെ. മെമ്മറി കാർഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം. അപ്പോള്‍ അയാള്‍ക്ക് ഇതിലെന്തോ താല്‍പര്യം ഉണ്ടെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഇതൊക്കെ അന്വേഷണത്തില്‍ തെളിയും. അത് തെളിയാതിരിക്കാനാണ് അന്വേഷണം വേണ്ടായെന്ന് വെക്കുന്നതെന്നും ടിബി മിനി പറയുന്നു.
ഞാന്‍ ഓരു കോടതിയേയും ഇന്നേവരെ അപമാനിച്ചിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍ വർക്ക് ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണ്. പാവപ്പെട്ട മനുഷ്യരുടെ ജനാധിപത്യപരമായും ഭരണഘടനാപരവുമായി അവകാശങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
ഞാന്‍ തെറ്റായ വിവരം നല്‍കുന്നുവെന്ന് ദിലീപ് പറയുന്നതില്‍ എന്ത് അർത്ഥമാണുള്ളത്. ഞാന്‍ ചാനലില്‍ വന്ന് എന്ത് പറയുന്നു എന്നതില്‍ എനിക്ക് കൃത്യമായ ബോധമുണ്ട്. ആ സംഭവത്തില്‍ നിന്ന് അല്ലാതെ ഇന്നുവരെ ജുഡീഷ്യറിക്ക് എതിരായ ഒരു വാക്ക് ഞാന്‍ സംസാരിച്ചിട്ടില്ല. വിമർശിക്കാനുള്ള അവകാശം എനിക്കുണ്ട്. കോടതിയെ അപമാനിക്കാതിരിക്കുക, വിധിയെ മാനിക്കാതിരിക്കുക എന്നതൊക്കെയാണ് പ്രശ്നം. എന്നാല്‍ പോസിറ്റീവായ രീതിയില്‍ വിമർശിക്കാന്‍ ഇവിടെ അവകാശമുണ്ട്. കോടതിയുടെ ഒരു ഉത്തരവിനേയും നിയമവിരുദ്ധമായി ഞങ്ങള്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications