പള്‍സർ സുനിയെ പുറത്ത് വിട്ടാലുള്ള അപകടമെന്ത്: 'ദിലീപിന്റെ' സ്വാധീനവും പരിഗണിക്കണം: ആശ ഉണ്ണിത്താന്‍
കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ നേരിടാന്‍ പോലും വളർന്ന് പ്രതികളായി ഇതിലെ മറ്റ് പ്രതികള്‍ മാറിയ സാഹചര്യവും പരിഗണിക്കണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്നായിരുന്നു കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷയില്‍ നടിയുടെ മൊഴി തേടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ ശ്രദ്ധേയമായ പരാമർശം. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു.
സുനിയുടെ ജാമ്യഹർ കോടതി വിധി പറയാന്‍ മാറ്റുകയും ചെയ്തു. അതേസമയം പള്‍സർ സുനിയെ ഈ സാഹചര്യത്തില്‍ ഒരിക്കലും പുറത്ത് വിടാന്‍ സാധിക്കില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

പള്‍സർ സുനി പുറത്ത് വരാന്‍ പാടില്ല
ഈ കേസും കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ ഹർജിയും എന്ന് പറയുന്നത് കേവലം ഏതെങ്കിലും കേസിലെ പ്രതിയുടെ ജാമ്യഹർജിയെന്ന് പറഞ്ഞ് വളരെ വിശാലമായ മനുഷ്യാവകാശ കോണില്‍ മാത്രം കാണാന്‍ സാധിക്കുന്ന കാര്യമല്ല. എന്റെ അറിവില്‍ ഇന്ത്യയില്‍ എന്നല്ല മറ്റ് രാജ്യങ്ങളില്‍ പോലും ഇത്തരം ഒരു ക്വട്ടേഷന്‍ ബലാത്സംഗ കേസ് നടന്നതായി അറിയിട്ടില്ല. ഇവിടെ നടന്നത് വളരെ ക്രൂരമായ ഒരു ക്രൈം ആണെന്നും ആശ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

നിസ്സാരക്കാരിയായ ഒരു സ്ത്രീയല്ല ഇവിടെ ഇര. അവരെ പോലും തകർത്ത് കളയുന്ന രീതിയില്‍ അക്രമിക്കാന്‍ സാധിക്കുന്ന, ക്വട്ടേഷന്‍ എടുത്ത് പ്രവർത്തിക്കുന്ന പ്രതിക്ക് പോലും സിനിമയില്‍ നല്ല സ്വാധീനമുണ്ട്. ഇതിന് മുമ്പ് പോലും സമാനമായ രീതിയുള്ള കൃത്യത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രതി പുറത്ത് വരികയാണെങ്കില്‍ അപകട സാധ്യത വീണ്ടും ഉയർന്ന് നില്‍ക്കുകയാണ്.

ഒരു പ്രതിയെ പുറത്ത് വിടുന്ന കാര്യം സംബന്ധിക്കുമ്പോള്‍ അദ്ദേഹത്തിന് കേസിലെ എട്ടാം പ്രതിയോ, അല്ലെങ്കില്‍ വലിയൊരു സംഘവുമായിട്ടോ ബന്ധവും സ്വാധീനവുമുണ്ട്. ആ സ്വാധീനം കൃത്യമായി ഉപയോഗിക്കുകയും ഈ കേസിലെ പല കാര്യങ്ങളും വളച്ചൊടിക്കാനും ഭീഷണിപ്പെടുത്താനും സാക്ഷികളെ കുറുമാറ്റാനും തെളിവുകള്‍ ഇല്ലാതാക്കാനും പള്‍സർ സുനിക്ക് സാധിക്കും. അത്രത്തോളം ബന്ധം ഈ പ്രതിക്ക് സിനിമയുടെ വേരുകളിലുണ്ടെന്നും ആശ ഉണ്ണിത്താന്‍ പറയുന്നു.

എട്ടാം പ്രതിയുടേയും മറ്റ് പ്രതികളുടെ സ്വാധീനവുമെല്ലാം ഇതില്‍ പ്രതിഫലിക്കാം. ഇത്തരത്തില്‍ ധൈര്യം കാണിക്കുന്ന ഒരു പ്രതിയെ പുറത്ത് വിട്ടാല്‍, ഇപ്പോള്‍ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്ന് വന്ന അതിജീവിതയ്ക്ക് എന്തുകൊണ്ട് തന്റെ തൊഴില്‍ മേഖലയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നുവെന്ന ഭയം വീണ്ടും വരികയാണ്.

പ്രതിയെ ജാമ്യത്തില്‍ വിടാതെ അകത്ത് വെച്ചത്
എന്തുകൊണ്ടാണ് ഇവിടെ ഒരു പ്രതിയെ ജാമ്യത്തില്‍ വിടാതെ അകത്ത് വെച്ചിരിക്കുന്നതെന്ന് നോക്കണം. വിചാരണ തടവുകാരന് ശിക്ഷ വന്നതിന് ശേഷം ജയിലിന് അകത്തേക്ക് വന്നാല്‍ പോരെ എന്ന് ചിന്തിക്കാം. എന്നാല്‍ അങ്ങനെ അല്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയാല്‍ ഉണ്ടാവുന്ന അപകടം മുന്നില്‍ കണ്ടാണ് പ്രതിയെ ജയിലിന് അകത്ത് തന്നെ ഇടുന്നത്.

പ്രതിയെ ജാമ്യമില്ലാതെ ജയിലിന് അകത്ത് ഇട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ നേരിടാന്‍ പോലും വളർന്ന് പ്രതികളായി ഇതിലെ മറ്റ് പ്രതികള്‍ കൂടി മാറുന്ന സാഹചര്യം പരിശോധിക്കേണ്ടതാണ്. ഇവിടെ അതിജീവിതയുടെ ഭാഗം കൂടെ കൃത്യമായി കേള്‍ക്കേണ്ടതുണ്ട്. ഇയാളെ പുറത്ത് വിടുന്നത് തന്നെയും കേസിനേയും ബാധിക്കുമെന്ന അവരുടെ ഭാഗവും കോടതിയിലെത്തണമെന്നും ആശ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications