ബാലചന്ദ്രകുമാർ ഇനി സൂക്ഷിക്കണം; ദിലീപും കൂട്ടരും അത് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഫോണ്‍ ഹാജരാക്കുന്നതില്‍ നടന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് കൃത്യമായ മാനിപ്പുലേഷനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട 7 ഫോണുകളും ഹാജരാക്കണമെന്നായിരുന്നു കോടതി വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. എന്നാല്‍ അന്ന് അവർ കോടതിയില്‍ പറഞ്ഞത് നാലാമത്തെ ഫോണ്‍ കാണാനില്ലെന്നായിരുന്നു.
നിർണ്ണായകമായ പല തെളിവുകളും അതില്‍ ഉള്ളത് കൊണ്ടായിരിക്കാം അത്തരമൊരു ഫോണ്‍ ഇല്ലെന്ന് അവർ പറഞ്ഞ്. അങ്ങനെ ഇന്ന് രാവിലെ ആദ്യം 5 ഫോണുകള്‍ ഹാജരാക്കുന്നു. പിന്നീട് ഒരു മണിയോടെയാണ് കയ്യിലില്ല എന്ന് നേരത്തെ പറഞ്ഞ ഫോണ്‍ കോടതിയിലേക്ക് എത്തുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഉണ്ടെന്ന് പറഞ്ഞ ഫോണ്‍ ഇല്ലാതിരിക്കുകയും ഇല്ലെന്ന് പറഞ്ഞ ഫോണ്‍ കോടതിയില്‍ എത്തുകയും ചെയ്തു. ഈ കിട്ടിയ സമയം കൊണ്ട് ഈ ഫോണുകള്‍ക്ക് അകത്തെ എല്ലാ വിവരങ്ങളും എടുക്കുകയും തങ്ങള്‍ക്ക് വലിയ കുഴപ്പം വരില്ല എന്ന് ഉറപ്പ് വരുത്തകയും ചെയ്തതിന് ശേഷമാണ് കോടതിക്ക് കൈമാറിയത്. കോടതിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ ആറ് ഫോണുകളും പാഴ് വസ്തുക്കളാണ് അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

ഫോണുകള്‍ക്ക് അകത്തെ വിവരങ്ങള്‍ മുഴുവന്‍ മാറ്റി വെറും ഒരു കാലി സാധനമായിട്ടായിരിക്കും കൊടുത്തിരിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രത്തോളം ഉയർന്ന ഒരു കാലത്ത് എങ്ങനെയാണ് ഇത് ചെയ്യാതിരിക്കുന്നത്. ചൈനയില്‍ നിന്നും ലക്ഷക്കണക്കിന് ഫോണുകള്‍ ഇന്ത്യയിലേക്ക് വരുന്ന സാഹചര്യത്തില്‍ പുതിയ നിയമം കൊണ്ടുവന്ന് ഐഎംഇഐ നമ്പർ നിർബന്ധമാക്കി. അന്ന് തിരുവനന്തപുരത്ത് ബീമ പള്ളിയിലും കൊച്ചിയിലെ മറൈന്‍ ഡ്രൈവിലും ചെന്നൈയിലും ബോബെയിലുമൊക്കെ പുതിയ സംഘങ്ങള്‍ ഉടലെടുത്തിരുന്നു.

അവരായിരുന്നു ആയിരക്കണക്കിന് ഫോണുകളില്‍ അന്ന് ഐഎംഇഐ നമ്പർ ഇട്ടുകൊണ്ടിരുന്നത്. ആ വിദ്യ അറിയാവുന്നവരൊക്കെ ഇപ്പോഴുമുണ്ട്. ഇനി അവരാരെങ്കിലും ഈ ഫോണുകളില്‍ ഐഎംഇഐ നമ്പർ ഇട്ടുകൊടുത്തതാണോയെന്ന് എന്ന് എങ്ങനെ അറിയാം. ബാലചന്ദ്ര കുമാറിന് ഇനിയെങ്കിലും സംഭവിച്ചാല്‍ അതും കൂടി എനിയെന്റെ കക്ഷിയുടെ തലയില്‍ വരുമോയെന്ന് ദിലിപീന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ചോദിച്ചത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇത് ഒരു മുന്‍കൂർ ജാമ്യമല്ലേ എന്നാണ് എന്റെ സംശയം. ബാലചന്ദ്രകുമാർ ഇത് കേള്‍ക്കുന്നെങ്കില്‍ 'ബാലചന്ദ്ര കുമാർ സൂക്ഷിച്ചുകൊള്ളുക, നിങ്ങള്‍ക്ക് എന്തോ അപകടം വരാനിരിക്കും'. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന് മുന്‍കൂട്ടി ഒരു ഏറ് വക്കീല്‍ ഇന്ന് കോടതിയില്‍ നടത്തിയതാണ്. എന്തിനും ഇവർക്ക് ഒരു ലക്ഷ്യമുണ്ട്. തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ ഈ ഏഴ് ഫോണുകളും അവർക്ക് ഈസിയായ കോടതിയില്‍ കൊടുക്കാമായിരുന്നു.

കോടതിയില്‍ കൊടുത്താല്‍ അവരാണല്ലോ ഫോണ്‍ പരിശോധനയക്ക് കൊടുക്കുക. അതിലൂടെ അതിലെ സത്യാവസ്ഥ അറിയാമായിരുന്നു. ഇതിനിടയില്‍ ദിലീപിന്റെ നേരത്തേയുള്ള സംഭാഷണങ്ങളെടുത്ത് ദിലീപ് പരസ്യപ്പെടുത്താന്‍ പോവുമോ, അപ്പോള്‍ അതൊന്നും അല്ല ഇതിലെ കാര്യം. ഒളിഞ്ഞിരിക്കുന്ന തെളിവുകള്‍ ഇരിക്കുന്ന ഫോണ് ഇന്ന് കൊടുത്തിട്ടില്ല. കൊടുത്തിരിക്കുന്ന ഫോണുകളാണെങ്കില്‍ അതില്‍ 101 ശതമാനം കൃത്രിമത്വം നടന്നിട്ടുണ്ട്.

സാക്ഷിയെ കുറൂമാറ്റാന്‍ ഇടപെടല്‍ നടത്തിയെന്ന് ബാലചന്ദ്രകുമാർ പുറത്ത് വിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്ന വക്കീലാണ് ഇന്ന് കോടതിയില്‍ പോയി ഫോണ്‍ കയ്യിലില്ലെന്ന് പറയുന്നു. പ്രതി പറയുന്നതാണോ കോടതി അനുസരിക്കുന്നത് എന്നതാണ് എന്റെ സംശയം. പ്രോസിക്യൂഷന്‍ പറയുന്ന ഏതെങ്കിലും കാര്യം കോടതി ചെയ്തുകൊടുത്തതായി ഈ അടുത്ത ദിവസങ്ങളില്‍ നമുക്ക് കേട്ടുകേള്‍വിയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്ന് രാവിലെ ഫോണുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യ ഹർജി പോലും എതിരായി വരാമെന്ന കോടതി നിലപാട് ഇരിക്കെയാണ് ഒരു ഫോണ്‍ ഹാജരാക്കാതിരുന്നത്. അതിന് ശേഷം വീണ്ടും ദിവസങ്ങള്‍ അനുവദിച്ചുകൊടുത്തിരിക്കുന്നു. സലീഷെന്ന് പറയുന്ന ചെറുപ്പക്കാരന്‍ സെല്ലുലാർ കെയർ എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഒരു സിനിമ മോഹിയുമാണ്. മൂന്ന് നാല് സിനിമകളില്‍ സഹസംവിധായകനായിരുന്നു. ഒരു സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് സലീഷ്. അദ്ദേഹമാണ് ദിലീപിന് സലീഷിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഐടി വിദഗ്ധന്‍ എന്ന നിലയിലായിരുന്നു പരിചയപ്പെടുത്തല്‍. അന്ന് ഇവിടെ ഇറങ്ങിയിരിക്കുന്ന ഫോണുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു മിടുക്കനായിരുന്നു അദ്ദേഹം. അവർ തമ്മില്‍ വളരെ വേഗത്തില്‍ അടുത്തു. അങ്ങനെയിരിക്കെയാണ് ഈ കേസ് വരുന്നത്. ആ സമയത്താണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ കോള്‍വരുന്നത്. ഡീല്‍ നടന്നോ ഇല്ലോ എന്ന് എനിക്ക് അറിയില്ല, എതായാലും ജാമ്യം കിട്ടി.

ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ ദിലീപിന്റെ സുഹൃത്തായ സംവിധായകനെ വിളിച്ചായിരുന്നു ഡീല്‍ ചർച്ച ചെയ്തത്. എന്നാല്‍ ആ സന്ദേശം സംവിധായകന്റെ ഫോണില്‍ നിന്നും നഷ്ടമായി. അങ്ങനെയാണ് ദിലീപ് ആ സംവിധായകന്റെ അടുത്ത് നിന്നും ഫോണ്‍വാങ്ങി സലീഷിന് നല്‍കി നഷ്ടപ്പെട്ട ഫയല്‍ തിരികെ എടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്ര ശ്രമിച്ചിട്ടും ആവശ്യമായ ഫയല്‍ ലഭിച്ചില്ല. അങ്ങനെയാണ് ദിലീപിന്റെ അനിയന്റെ അക്കൌണ്ടില്‍ നിന്നും 90000 രൂപ മുടക്കി ഡോക്ടർ ഫോണ്‍ സോഫ്റ്റ്വെയർ വാങ്ങുന്നത്. അത് വഴി നോക്കിയിട്ടും ആവശ്യമായ ഫയല്‍ മാത്രം ലഭിച്ചില്ല.

ഇതോടെയാണ് കാലിഫോർണിയയിലെ ഐ ഫോണ്‍ കമ്പനിയില്‍ കൊടുത്താല്‍ ഒരു പക്ഷേ സാധിച്ചേക്കുമെന്ന് സലീഷ് പറയുന്നത്. അവിടെ നേരത്തെ ജോലി ചെയ്ത ആളുമാണ് അദ്ദേഹം. ഏതാണ്ട് 10 ലക്ഷം രൂപ ചിലവാക്കിയെങ്കിലും 2 മാസത്തിന് ശേഷം ഫോണ്‍ അമേരിക്കയില്‍ നിന്നും തിരികെയെത്തി. അപ്പോഴാണ് ' നമ്മള്‍ ഉദ്ദേശിച്ച ആളൊന്നും അല്ല ഇദ്ദേഹം, അദ്ദേഹം ആള് പുലിയാണ്. പല ഫയലുകളും ഞാന്‍ കണ്ടുവെന്ന്' സലീഷ് ബാലചന്ദ്രകുമാറിനോട് പറയുന്നത്. ഇത് പലതവണ സലീഷ് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സലീഷാണ് ഒരു അപകടത്തില്‍ മരണപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം അറിയുന്നത് കൊണ്ടാണ് ഇതിനകത്ത് അസ്വാഭാവികതയുണ്ടെന്ന് ഞാന്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.












Click it and Unblock the Notifications