'ദിലീപിനെ വെളുപ്പിക്കുന്ന സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹം, വായിട്ടലക്കുന്നതിന് കൂലി'; വീഡിയോയ്ക്ക് കമന്റുകൾ
കൊച്ചി: നിർമ്മാതാവ് സജി നന്ദ്യാട്ടിന്റെ മകന്റെ വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താര സമ്പന്നമായിരുന്നു വിവാഹം. വീഡിയോയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് നടൻ ദിലീപും ഭാര്യ കാവ്യ മാധവനുമാണ്. ഇരുവരും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ പങ്കിട്ട് സന്തോഷം പങ്കുവെയ്ക്കുന്നത്.
അതേസമയം വിവാഹ വീഡിയോയ്ക്ക് താഴെ ദിലീപ്- സജി നന്ത്യാട്ട് ബന്ധവും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയ കമന്റുകളുമാണ് ചിലർ പങ്കിട്ടിരിക്കുന്നത്. വിശദമായി വായിക്കാം

സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയാണ് വരൻ. വധു സാറ. പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ,ലിസ്റ്റിൻ സ്റ്റീഫന്‍, ആൽവിൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും കാവ്യയും ഒരു പൊതു ചടങ്ങളിൽ ഒന്നിച്ച് എത്തുന്നത് എന്നത് കൊണ്ട് തന്നെ വീഡിയോ ആഘോഷമാക്കുന്നുണ്ട് ആരാധകർ.

അതേസമയം വീഡിയോയ്ക്ക് താഴെ ചിലർ ഉയർത്തുന്ന കമന്റുകൾ ഇങ്ങനെ-ചാനലിൽ ദിലീപിന് വേണ്ടി സംസാരിക്കുന്ന ആളല്ലേ എങ്ങനെ വിവാഹത്തിൽ ദിലീപ് പങ്കെടുക്കാതിരിക്കും എന്ന നിലയിലാണ് കമന്റുകൾ. മകന്റെ വിവാഹ ചെലവ് മുഴുവൻ ദിലീപാണോ വഹിച്ചതെന്നായിരുന്നു ഒരാളുടെ ചോദ്യം.

'ഡെയിലി നാലഞ്ച് ചാനലുകളിൽ പോയിരുന്നു പേട്ടനെ വെളുപ്പിക്കുന്ന പണി ചെയ്തിരുന്ന നന്തിയാട്ടിന്റെ മോന്റെ കല്യാണത്തിന് പേട്ടൻ പോകാതെ പറ്റുമോ', വായിട്ട് അലക്കുന്നവന് കൂലിക്കുള്ള ടൈം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനലിൽ സംസാരിക്കുന്ന സിനിമാ മേഖലയിൽ നിന്നുള്ളവരിൽ പ്രമുഖനാണ് നിർമ്മാതാവ് സജി നന്ദ്യാട്ട്. കേസിൽ ദിലീപ് തെറ്റുകാരനല്ലെന്നും നിരപരാധിയാണെന്നുള്ള ഉത്തമ ബോധ്യത്തിലാണ് താൻ നടന് വേണ്ടി സംസാരിക്കുന്നതെന്നുമാണ് ദിലീപിന് വേണ്ടി എന്തിന് സംസാരിക്കുന്നുവെന്ന ചോദ്യത്തിന് പലപ്പോഴായി സജി നന്ത്യാട്ട് നൽകിയ മറുപടി.

'തനിക്ക് ദിലീപുമായി യാതൊരു ബന്ധവുമില്ല. ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ട കേസിൽ ഒരാളെ പിന്തുണയ്ക്കുന്നത് ഉചിതമാണോയെന്ന് പലരും ചോദിക്കാറുണ്ട്. തീർച്ചയായും അല്ല. നിങ്ങൾക്കും ഇല്ലേ അമ്മയും പെങ്ങൾമാരും നിങ്ങടെ കുടുംബത്തിലാണ് ഇത്തരമൊരു സാഹചര്യം വരുന്നതെങ്കിലോ എന്നൊക്കെയുള്ള ക്ലീഷേ ചോദ്യങ്ങൾ പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഈ കാര്യത്തിലുള്ള അറിവ് അനുസരിച്ച് ദിലീപ് തികച്ചും നിരപരാധിയാണെന്ന വിശ്വാസം ഉണ്ട്. അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ആ വിശ്വാസം ഏറെ കുറെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നമ്മുടെ മുന്നിൽ നിൽക്കുന്നത്', എന്നായിരുന്നു തന്റെ യുട്യൂബ് ചാനലിലൂടെ സജി നന്ത്യാട്ട് ഒരിക്കൽ വിശദീകരിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചിരിക്കുകയാണ്. ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയും അടുത്ത സുഹൃത്തായ ശരതിനെ 15ാം പ്രതിയാക്കിയുമാണ് തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് വഴി വെച്ച വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെയാണ് ആദ്യഘട്ടത്തിൽ വിസ്കരച്ചത്.

രണ്ടാം കുറ്റപത്രത്തിൽ 35 ഓളം സാക്ഷികളെ അന്വേഷണ സംഘം ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരൻ ജിംസൺ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽ വിസ്കരിച്ച ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications