സിദ്ദീഖിനും ദിലീപിനും ബുദ്ധിയോതുന്നത് ഒരേയാള്‍: പുതിയ തന്ത്രവുമായി പൊലീസും, ഇപ്പോള്‍ ചോദ്യമില്ല
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച നിർണ്ണായക നീക്കങ്ങളിലേക്ക് കടക്കാന്‍ പൊലീസ്. സുപ്രീംകോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസമായി മുന്‍കൂർ ജാമ്യം ലഭിച്ചതോടെ ഒളിവ് ജീവിതം അവസാനിപ്പിച്ച സിദ്ദീഖ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടൊപ്പം തന്നെ ചോദ്യം ചെയ്യലിനായി താരം പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹത്തിന്റെ വക്കീലും വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.രാമന്‍പിള്ള തന്നെയാണ് ഈ കേസില്‍ സിദ്ദീഖിന് വേണ്ടി വാദിക്കുന്നതും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സിദ്ദീഖ് അഡ്വ രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങള്‍ താരത്തിന് നേരെ ഉയർത്തിയെങ്കിലും ഒന്നിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സിദ്ദീഖിന്റെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് അന്വേഷണ സംഘം സ്വീകരിക്കുന്നത്. ധൃതി പിടിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ നിലപാട്. നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് സിദ്ദീഖിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നോട്ടീസ് ലഭിച്ചില്ലെങ്കില്‍ സ്വമേധയാ ഹാജാരാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി.
എന്നാല്‍ സിദ്ദീഖ് സ്വമേധയാ ഹാജരായാല്‍ പോലും ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ തീരുമാനം. രണ്ടാഴ്ചത്തെ സാവകാശമാണ് സിദ്ദീഖിന് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ചത്. ഈ കാലയളവിനുള്ളില്‍ സുപ്രീംകോടതി അടുത്ത നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ അത് അന്വേഷണത്തെ വിപരീതമായി ബാധിക്കും.
സിദ്ദീഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിന്റേയും അറസ്റ്റിന്റേയും ആവശ്യകത സുപ്രീംകോടതിയെ അറിയിക്കാനും അന്വേഷണ സംഘം ആലോചന നടത്തുന്നുണ്ട്. അതേസമയം തന്നെ ഇന്നോ നാളെയോ ആയി സിദ്ദീഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സാധ്യതയും കാണുന്നുണ്ട്.
ഹൈക്കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു സിദ്ദീഖ് ഒളിവില്‍ പോയത്. ഒന്നര ആഴ്ചയിലേറെയായി സിദ്ദീഖിനായി അരയും തലയും മുറുക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. താരത്തിനായി ലുക്ക്ഔട്ട് നോട്ടീസ് വരെ പുറത്തിറക്കുകയും ചെയ്തു. ഒളിവില്‍ ഇരുന്ന് കൊണ്ട് തന്നെയായിരുന്നു താരം മുന്‍കൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതും അനുകൂല വിധി സമ്പാദിച്ചതും.












Click it and Unblock the Notifications