ദിലീപ് നിരപരാധിയെന്ന് പറഞ്ഞ് ശ്രീലേഖ കുടുങ്ങി? കോടതി കയറേണ്ടി വരും; നടിയുടെ നിര്‍ണായകനീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരെ തെളിവില്ല എന്ന ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞിരുന്നത്.
ഇതിനെതിരെയാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ശ്രീലേഖ പറയുന്നത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞിരുന്നു.

ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു എന്നാണ് ശ്രീലേഖ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നാരംഭിക്കാനിരിക്കെയാണ് അതിജീവിതയുടെ നീക്കം. പ്രോസിക്യൂഷന്‍ വാദം ആണ് ആദ്യം ആരംഭിക്കുന്നത്.
രണ്ടാഴ്ച കഴിഞ്ഞാല്‍ പ്രതിഭാഗത്തിന്റെ വാദവും ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റും. കേസിലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേരളത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇത്. മലയാള സിനിമയിലെ പല കുറ്റകരമായ പ്രവണതകളിലേക്കും വെളിച്ചം വീശുന്ന നിരവധി ചര്‍ച്ചകള്‍ക്ക് ഇത് തുടക്കമിട്ടു.
ഡബ്ല്യുസിസി, ഹേമ കമ്മിറ്റി തുടങ്ങിയവയുടെ രൂപീകരണത്തിലേക്കും സംഭവം കാരണമായി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ ഒമ്പത് പ്രതികളാണ് ഉള്ളത്. കേസില്‍ ദിലീപ് 84 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.
പള്‍സര്‍ സുനി ജയിലിലിരിക്കെ ദിലീപിനെഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് നടന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.












Click it and Unblock the Notifications