'ഉച്ചയ്ക്കുശേഷം ഉറങ്ങി പോകുന്നത് മനുഷ്യസഹജം, ദിലീപിന്റെ ആളുകള്‍ക്ക് എന്നെ ഇട്ടുകൊടുക്കുന്നു'; ടിബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് സത്യത്തിന് നിരക്കാത്ത വിമര്‍ശനമാണ് എന്നും താന്‍ എത്ര ദിവസം വരണമെന്ന് പറയേണ്ട കാര്യമൊന്നും കോടതിക്ക് ഇല്ല എന്നും മിനി പറഞ്ഞു. കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്ന് മിനി പറഞ്ഞു.
'അപക്വവും നിലവാരമില്ലാത്തതുമായ പരാമര്‍ശമാണ് കോടതി നടത്തിയത്. എന്തുകൊണ്ടാണ് കോടതിയില്‍ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായത് എന്ന് അറിയില്ല. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെ ഹാജരായത് പത്ത് ദിവസം മാത്രമാണെന്ന കോടതി വിമര്‍ശനം നുണയാണ്. വിചാരണ കോടതിക്ക് മറുപടി കൊടുക്കാനില്ല,' മിനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയില്‍ പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ജൂനിയേഴ്‌സ് പോകേണ്ട സമയത്ത് പോലും താന്‍ നേരിട്ട് കോടതിയില്‍ പോയത് ഈ കേസിനോടുള്ള ആത്മാര്‍ത്ഥത കാരണമാണ് എന്നും താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് മാത്രമാണ് കോടതിയില്‍ പോകാതിരുന്നിട്ടുള്ളത് എന്നും അഭിഭാഷക വ്യക്തമാക്കി. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത് എന്നും എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് എന്നും അവര്‍ ചോദിച്ചു.
ദിലീപിന്റെ ആളുകള്‍ക്ക് യൂട്യൂബ് ചാനലുകള്‍ വഴി തന്നെ ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് കോടതി ചെയ്യുന്നത് എന്നും ദിലീപിന്റെ ആളുകള്‍ ചെയ്യുന്നതിന്റെ ബാക്കിയാണ് ഇപ്പോള്‍ കോടതിയും ചെയ്യുന്നത് എന്നും മിനി വിമര്‍ശിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ്. ഒരു വക്കീലിനെതിരെ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞത് എന്നും മിനി കൂട്ടിച്ചേര്‍ത്തു.
ഉച്ചയ്ക്കുശേഷം ചില ദിവസങ്ങളില്‍ ഉറങ്ങി പോകുന്നത് മനുഷ്യസഹജമാണ് എന്നും കോടതി മനപൂര്‍വ്വം തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ പറയുന്നുവെന്നും മിനി ആരോപിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നത് താന്‍ കാരണമാണ് ലോകം അറിഞ്ഞത് എന്നും പൊതുപരിപാടികളിലടക്കം കേസുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടിബി മിനി പറഞ്ഞു.
അതേസമയം മിനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്ന് വിചാരണ കോടതിയില്‍ നിന്നുണ്ടായത്. വിചാരണ സമയത്ത് 10 ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത് എന്നുമായിരുന്നു കോടതി പറഞ്ഞു. വരുന്ന സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ് എന്നും വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത് എന്നുമായിരുന്നു കോടതി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. ഇന്ന് കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല.












Click it and Unblock the Notifications