പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര കാറില്‍... വിളിച്ചത് വാട്‌സാപ്പ് കോളുകള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇടപാടുകള്‍ പരിശോധിക്കാന്‍ പൊലീസ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആഡംബര കാറിലായിരുന്നു സുനിയുടെ സഞ്ചാരം. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ഈ കാര്‍. ഇത് പണയത്തിന് എടുത്തതാണ് എന്നാണ് ഹോട്ടല്‍ അതിക്രമ കേസില്‍ അറസ്റ്റിലായ സുനി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.
രണ്ടര ലക്ഷം രൂപ പണയത്തിനാണ് കാര്‍ വാടകയ്ക്ക് എടുത്തത്. ഇതിന് വേണ്ടി അമ്മയെ കൊണ്ട് ലോണ്‍ എടുപ്പിച്ചു എന്നാണ് സുനി പറയുന്നത്. പുറത്തിറങ്ങിയ ശേഷം സുനി കൂടുതലും വാട്‌സാപ്പ് കോളുകളാണ് ചെയ്തിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സുനിയെ ഹോട്ടലില്‍ അതിക്രമം നടത്തി എന്ന പരാതിയില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ സുനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയെങ്കിലും സുനിയെ നിരീക്ഷിക്കാന്‍ ആണ് പൊലീസിന്റെ തീരുമാനം. അതേസമയം ഹോട്ടലില്‍ അതിക്രമം നടത്തിയ കേസില്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ഇതിനായി വിചാരണ കോടതിയെ ആണ് അന്വേഷണ സംഘം സമീപിക്കുക.
കഴിഞ്ഞ ആഴ്ചയാണ് എറണാകുളം രായമംഗലത്തുള്ള ഹോട്ടലില്‍ കയറി പള്‍സര്‍ സുനി അതിക്രമം നടത്തിയത്. ഭക്ഷണം തരാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ പള്‍സര്‍ സുനി ഭീഷണിയുയര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകള്‍ ഇയാള്‍ എറിഞ്ഞു പൊട്ടിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ കുറുപ്പുംപടി പൊലീസ് ആണ് സുനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയുടെ 296(ബി), 351(2), 324(4) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനി പുറത്തിറങ്ങിയത്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. 2017 ലാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത്.
പുറത്തിറങ്ങി ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും നമ്പര്‍ കോടതിയെ അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications