ലാലേട്ടന്‍ മാറിയത് നന്നായി; അല്ലെങ്കില്‍ വീര്‍പ്പുമുട്ടിയേനെ; തലപ്പത്ത് സ്ത്രീകളായതു കൊണ്ട് എസ്‌കേപ്പായി
കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ വിധി വരുന്നതിന് മുന്‍പ് അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മോഹന്‍ലാല്‍ മാറിയത് നന്നായെന്ന് നടന്‍ ബാബുരാജ്. മോഹന്‍ലാല്‍ തലപ്പത്ത് ഉണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളെല്ലാം കൂടി അദ്ദേഹത്തെ വീര്‍പ്പു മുട്ടിച്ചേനെ. സ്ത്രീകളായതു കൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് എസ്‌കേപ്പ് ചെയ്യാന്‍ പറ്റിയെന്നും ബാബുരാജ് പറഞ്ഞു. ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം.
ബാബുരാജിന്റെ വാക്കുകള്‍: ഞാനൊരു നിയമം പഠിച്ച ആളായതു കൊണ്ടും വക്കീല്‍ ആയതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്. അത് അതിന്റെ വഴി തന്നെ നടക്കട്ടെ. കേസില്‍ വിധി പറയുന്നത് ജഡ്ജ് ആണ്. ജഡ്ജിയുടെ വിധി തെറ്റാണോ എന്ന് തീരുമാനിക്കുന്നത് മേല്‍ക്കോടതികളാണ്. അതുവരെ കാത്തിരിക്കാം എന്നല്ലാതെ അവിടെ ബാബുരാജ് അഭിപ്രായം പറയാന്‍ ആരുമല്ല.
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മ ഭാരവാഹികള്‍ തീരുമാനിക്കേണ്ടതാണ്. എനിക്ക് ജനറല്‍ ബോഡി കൂടുമ്പോള്‍ അഭിപ്രായം പറയാം. അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. ബാബുരാജ് ഇപ്പോള്‍ അംഗം മാത്രമാണ്. ഓരോ സംഘടനയ്ക്കും തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശങ്ങളുണ്ട്.

സംഘടനയുടെ ബൈലോ അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നവരാണ് അത് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭരണത്തിലുള്ളവര്‍ സ്ത്രീകളാണ്. അവര്‍ സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.
ഞാന്‍ ഈ സമയം ലാലേട്ടനെയാണ് ഓര്‍ക്കുന്നത്. ലാലേട്ടന്‍ ആയിരുന്നെങ്കില്‍ എന്തോരം കഷ്ടപ്പെടേണ്ടി വന്നേനെ. സ്ത്രീകള്‍ ആയതു കൊണ്ട് ആ വിഷയത്തില്‍ നിന്ന് എസ്‌കേപ്പ് ചെയ്യാന്‍ പറ്റും. ലാലേട്ടന്‍ അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളെല്ലാം കൂടി അദ്ദേഹത്തെ വീര്‍പ്പുമുട്ടിച്ചേനെ. അമ്മയുടെ തലപ്പത്തു നിന്ന് ലാലേട്ടന്‍ മാറിയത് നന്നായി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ്. ഈ വിഷയത്തില്‍ തലപ്പത്തുള്ള സ്ത്രീകള്‍ മറുപടി പറയും. അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്നല്ലെങ്കില്‍ നാളെ ഈ വിഷയത്തില്‍ മറുപടി പറയും. അവര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. പുറത്താക്കാന്‍ വ്യഗ്രത കാണിച്ചെങ്കില്‍ തിരിച്ചെടുക്കുന്നതും അതുപോലെയായിരിക്കും. അതൊക്കെ തലപ്പത്തിരിക്കുന്നവരുടെ തീരുമാനങ്ങളാണ്.
ഇന്ത്യയിലെ നിയമ വ്യവസ്ഥിതി അനുസരിച്ച് വിധി ന്യായത്തെ മാനിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അതിജീവിതയോടുള്ള സ്‌നേഹത്തിനും അനുകമ്പയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. അന്ന് എങ്ങനെ നിന്നോ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന ശേഷം അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിച്ചിട്ടില്ല. ഇത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഘടന ആര്‍ക്കൊപ്പമാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ദിലീപിനെ തിരിച്ചെടുക്കുമോ എന്ന കാര്യത്തിലും ഇവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications