ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംശയകരമെന്ന് കോടതി, 'പള്‍സര്‍ സുനി പോലും പറയാത്ത കാര്യം'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സംശയകരമെന്ന് വിചാരണ കോടതി. കേസിലെ വിധി പ്രസ്താവത്തില്‍ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ളത് അതീവ രഹസ്യമായ ബന്ധവും കൂടിക്കാഴ്ചകളും ആണ് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
പിന്നെങ്ങനെയാണ് ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ ള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തുക എന്നും കോടതി ചോദിക്കുന്നു. '2017 ഫെബ്രുവരി 17 നാണ് ഈ സംഭവം നടക്കുന്നത്. ഈ സംഭവങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പള്‍സര്‍ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തി എന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. പക്ഷെ പള്‍സര്‍ സുനി പലഘട്ടത്തിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടത്തിയ മൊഴികളിലൊന്നും തന്നെ ഡിസംബര്‍ 26 ന് നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നില്ല.

ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ മാത്രമാണ് 26.12.2016 നടന്ന് കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നത്. ദിലീപിനെ കാണാന്‍ സിനിമാ ചര്‍ച്ചയ്ക്കായി എത്തി എന്നായിരുന്നു ബാലചന്ദ്രകുമാര്‍ ആദ്യം നടത്തിയ വെളിപ്പെടുത്തല്‍. പക്ഷെ പിന്നീട് അത് കോടതിയിലെത്തുമ്പോള്‍ ഗൃഹപ്രവേശ ചടങ്ങിന് എത്തിയതായിരുന്നു എന്ന് പറഞ്ഞു. എന്നാല്‍ ഗൃഹപ്രവേശന ചടങ്ങിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല,' കോടതി പറഞ്ഞു.
പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം അതീവ രഹസ്യമാണ് എന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും പറയുന്നു. അങ്ങനെയെങ്കില്‍ ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തുമ്പോള്‍ ബാലചന്ദ്രകുമാറിന് എങ്ങനെയാണ് അവിടെ എത്താന്‍ സാധിക്കുന്നത് എന്നും കോടതി ചോദിച്ചു. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 26 ലെ കൂടിക്കാഴ്ചയെ കുറിചച്ച് ബാലചന്ദ്രകുമാര്‍ പറഞ്ഞത് സംശയകരമാണ് എന്നും കോടതി പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ബി. സന്ധ്യയാണെന്നാണ് ദിലീപിന്റെ വാദമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. സന്ധ്യയുടെ വിരമിക്കലിന് ശേഷം വിധി വരണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് കാരണമെന്നും വിചാരണ നീട്ടികൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നുമാണ് ദിലീപിന്റെ വാദം.
നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും അദ്ദേഹം പുറത്തുവിട്ട തെളിവുകളും. ഈ മൊഴിയാണ് ഒരു പിടിവള്ളിയായി അന്വേഷണ സംഘം മുന്നോട്ട് പോയത്. എന്നാല്‍ ആ കേസില്‍ പ്രോസിക്യൂഷന് കൃത്യമായി തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്. പ്രോസിക്യൂഷന്റെ വാദവും മൊഴിയും തമ്മില്‍ ചേര്‍ന്ന് പോകുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications