ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഫോണില്‍ ഭീഷണി: പരാതി നല്‍കും
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട ദിലീപിനെതിരെ സംസാരിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞാണ് ഭീഷണി. ഭാഗ്യലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസിന് പരാതി നല്‍കാനാണ് തീരുമാനം എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നുച്ചയോടുകൂടിയാണ് ഫോണ്‍ സന്ദേശങ്ങള്‍ വന്നത്. പല നമ്പറുകളില്‍ നിന്നായാണ് ഭീഷണി സന്ദേശം എത്തിയത്. ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഒരു ഫോണ്‍ നമ്പറില്‍ നിന്ന് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ വന്ന നമ്പറുകള്‍ ഉള്‍പ്പെടെ സൈബര്‍ പോലീസിന് പരാതി നല്‍കും.

ദിലീപിനെതിരെ നീ ഇനിയും സംസാരിക്കുമോ എന്നുള്ള രീതിയില്‍ വളരെ മോശമായിട്ടാണ് ഫോണ്‍ വിളിച്ചവര്‍ സംസാരിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുകൂടാതെ തുടര്‍ച്ചയായി ഗള്‍ഫ് നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നെങ്കിലും അതൊന്നും എടുത്തില്ല. ഭീഷണികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും ഭാഗ്യലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ഭീഷണി മുഴക്കിയയാളുടെ നമ്പര്‍ സഹിതം വെളിപ്പടുത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്. 'ഇവന്‍, തന്റേടമില്ലാത്തവന്‍, എന്നെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നു. ഏട്ടന്റെ അനിയന്‍, പള്‍സര്‍ സുനിടെ സ്വന്തം ഏട്ടന്‍.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പര്‍' - ഇതായിരുന്നു പോസ്റ്റ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന അന്നു മുതല്‍ അതിജീവിതയ്‌ക്കൊപ്പം ശക്തമായ നിലപാടാണ് ഭാഗ്യലക്ഷ്മി സ്വീകരിച്ചു വരുന്നത്. ദിലീപിനെതിരെ പൊതു വേദികളില്‍ പരസ്യമായി വിമര്‍ശനമുന്നയിക്കാനും ഭാഗ്യലക്ഷ്മി മടിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തമാക്കിയ വിധി വന്നതിനു പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് അതിജീവിത നേരിടുന്നത്.












Click it and Unblock the Notifications